പേരാവൂർ: മടപ്പുരച്ചാലിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നാശം വരുത്തി.ഇന്നലെ പുലർച്ചെ മടപ്പുരച്ചാലിലെ കിഴക്കരക്കാട്ടിൽ തോമസിന്റെ വീടിന് സമീപത്തുണ്ടായിരുന്ന കാർഷിക വിളകളാണ് കാട്ടാന നശിപ്പിച്ചത്.110 ഓളം വാഴകൾ, മരച്ചീനി, പൈനാപ്പിൾ, കരിമ്പ് തുടങ്ങിയ വിളകൾ നശിപ്പിച്ച ശേഷം വീട്ടുമുറ്റത്തുകൂടിയാണ് കാട്ടാന നടന്നു പോയത്.

ആറളം വനാതിർത്തിയിൽ നിന്ന് ഇറങ്ങിയ കാട്ടാനകൾ ആഴ്ചകളാളമായി മടപ്പുരച്ചാൽ, ഓടംതോട് പ്രദേശത്തുള്ളവരുടെ കാർഷിക വിളകൾ നശിപ്പിക്കാൻ തുടങ്ങിയിട്ട്. സന്ധ്യമയങ്ങുന്നതോടെ ജനവാസ മേഖലയിലേക്കിറങ്ങുന്ന ആനകൾ ജനങ്ങളുടെ സ്വത്തിനും ജീവനും ഒരുപോലെ ഭീഷണിയായി മാറിയിരിക്കുകയാണ്. കാട്ടാനകളുടെയും വന്യമൃഗങ്ങളുടെയും ശല്യത്തിന് ശാശ്വത പരിഹാരം കാണാനുള്ള ശ്രമങ്ങൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്കൊരുങ്ങുകയല്ലാതെ വേറെ വഴിയില്ലെന്നാണ്കർഷകർ പറയുന്നത്.

പടം: ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി നാശം വിതച്ചപ്പോൾ