ഉദുമ: പാലക്കുന്നിൽ വ്യാപാരികളെ ആശങ്കയിലാഴ്ത്തി വീണ്ടും കടയുടെ ചുമർ തുരന്ന് കവർച്ച. പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിനു മുൻവശത്തെ എംപീസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന തെക്കിൽ സ്വദേശി ഖലീൽ റഹ്മാന്റെ ഉടമസ്ഥതയിലുള്ള മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റിലാണ് കവർച്ച നടന്നത്.
ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കടയുടെ പിറകുവശത്തെ ചുമർ തുരന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. മേശ വലിപ്പിൽ ഉണ്ടായിരുന്ന ഏഴായിരം രൂപയും ചില്ലറ സാധനങ്ങളുമാണ് മോഷ്ടിച്ചത്. രാവിലെ കട തുറന്നപ്പോഴാണ് കവർച്ച നടന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. മുഖംമൂടിയും കൈയുറയും ഇട്ട ഒരാളാണ് കവർച്ച നടത്തുന്നത് സൂപ്പർ മാർക്കറ്റിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പിറകുവശത്തെ ചുമർ ഒരാൾക്ക് കടക്കാൻ പാകത്തിലാണ് തുരന്നത്. സമീപത്തെ സ്കൈ സെന്ററിൽ പ്രവർത്തിക്കുന്ന മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ന്യൂ ജനത സ്റ്റോർസിലും കവർച്ച ശ്രമം നടത്തിയിരുന്നു. പൂട്ടുകൾ പൊളിച്ചെങ്കിലും അകത്ത് കടന്നില്ല.
വിവരമറിഞ്ഞ് ബേക്കൽ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
കഴിഞ്ഞ ദിവസം പാലക്കുന്നിലെ മുതലാസ് കോർണർ സൂപ്പർമാർക്കറ്റിലും ഇതേ രീതിയിൽ കവർച്ച നടന്നിരുന്നു. കാലവർഷം തുടങ്ങിയതോടെ മോഷണം പെരുകി വരുന്നത് വ്യാപാരികളെ ആശങ്കയിലാക്കിയിട്ടുണ്ട്. പാലക്കുന്ന് ഭാഗത്ത് രാത്രി കാലങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
പടങ്ങൾ ..കവർച്ച നടത്താൻ ചുമർ തുരന്ന നിലയിൽ
ശക്തമായ അന്വേഷണം
കവർച്ചാക്കേസുകളിൽ ശക്തമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. രാത്രി കാല പട്രോളിംഗും മറ്റും കർശനമാക്കാനാണ് പൊലീസിന്റെ തീരുമാനം. വീട് പൂട്ടിപ്പോകുന്നവർ വിവരം സ്റ്റേഷനിൽ വിവരമറിയിക്കണമെന്നും നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
മോഷണം തുടർക്കഥ
ഏതാനും ദിവസങ്ങൾക്കുള്ളിൽ കുടുംബശ്രീ ഹോട്ടൽ മുതൽ സർക്കാർ ഓഫീസുകളിൽ വരെ കവർച്ച നടന്നു. കാഞ്ഞങ്ങാട് പടന്നക്കാട് ഐങ്ങോത്ത് രണ്ടു വീടുകളിൽ കവർച്ച നടന്നു. ഒരു എഞ്ചിനീയറുടെ വീട്ടിലും ആസ്ത്രേലിയയിൽ ജോലി ചെയ്യുന്നവരുടെ വീട്ടിലുമാണ് കവർച്ച നടന്നത്. ബേക്കൽ പള്ളിക്കരയിൽ കഴിഞ്ഞ ദിവസം രാത്രി മൂന്നിടങ്ങളിലാണ് കവർച്ച നടന്നത്. പള്ളിക്കര പഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ്, കുടുംബശ്രീ ഹോട്ടൽ എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. പോസ്റ്റ് ഓഫീസിൽ നിന്നും പാർസലുകൾ കടത്തിക്കൊണ്ടുപോയി. സൗത്തിലെ നൈപുണ്യം കുടുംബശ്രീ ഹോട്ടലിൽ നിന്നും മോഷ്ടാക്കൾ 5050 രൂപ മോഷ്ടിച്ചു.