അഞ്ചരക്കണ്ടി (കണ്ണൂർ) : അരുണാചൽ പ്രദേശിൽ വ്യോമസേനയുടെ എ.എൻ 32 വിമാനം കാണാതായെന്ന വാർത്തയെത്തിയതോടെ അത് സത്യമാകരുതെന്നായിരുന്നു അഞ്ചരക്കണ്ടി കുഴിമ്പാലോട് ഗ്രാമത്തിന്റെ പ്രാർത്ഥന. എന്നാൽ വിമാനത്തിലുണ്ടായിരുന്ന കുഴിമ്പാലോട് സ്വദേശി
എൻ.കെ. ഷെറിനടക്കം 13 പേരും മരിച്ചെന്ന് വ്യോമസേന സ്ഥിരീകരിച്ചതോടെ ഗ്രാമം കണ്ണീർക്കടലായി.
ഷെറിനും വിമാനത്തിലുണ്ടായിരുന്നതായി നാലുദിവസം മുമ്പാണ് വ്യോമസേന അധികൃതർ വീട്ടുകാരെ അറിയിച്ചത്. തുടർന്ന് വിവരങ്ങൾക്കായി ബന്ധുക്കൾ വ്യോമസേനയുടെ തിരുവനന്തപുരത്തെ ഓഫീസുമായും ജനപ്രതിനിധികളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെട്ടിരുന്നു.
ഏഴു വർഷം മുമ്പാണ് ഷെറിൻ വ്യോമസേനയിൽ ചേർന്നത്. 2017 മേയ് മുതൽ അരുണാചലിലെ മേചുക വ്യോമത്താവളത്തിലാണു ജോലി. കഴിഞ്ഞ ആഗസ്റ്റിൽ വിവാഹിതനായ ഷെറിൻ മാർച്ചിൽ അവധിക്കു നാട്ടിൽ വന്ന ശേഷം ഒരു മാസം മുമ്പാണ് തിരിച്ചുപോയത്.