പയ്യന്നൂർ: കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിലെ കൊഴുമ്മലിൽ വീടിനു നേരെ അക്രമം നടത്തിയ സംഘം വീടിനു മുറ്റത്ത് നിർത്തിയിട്ട വാഹനങ്ങളും അടിച്ചു തകർത്തു. കൊഴുമ്മൽ വരീക്കരകാവിനു സമീപം താമസിക്കുന്ന വി.പി.പീതാംബരന്റെ വീടും വാഹനങ്ങളുമാണ് വ്യാഴാഴ്ച പുലർച്ചെ രണ്ടേകാൽ മണിയോടെ എറിഞ്ഞും അടിച്ചും തകർത്തത്.
സംഭവം നടക്കുമ്പോൾ പീതാംബരനും ഭാര്യ ലളിതയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വാഹനത്തിലെത്തിയ അക്രമികൾ ആദ്യം വീടിന്റെ മുൻഭാഗത്തെ ജനൽ ഗ്ലാസുകൾ എറിഞ്ഞുതകർത്തു. തുടർന്നാണ് വാഹനങ്ങൾ തകർത്തത്.വീടിനു സമീപത്തെ ഷെഡിൽ നിർത്തിയിട്ട ടിപ്പർ ലോറിയുടെയും കാറിന്റെയും ഗ്ലാസുകൾ ജാക്കി ലിവർ കൊണ്ട് അടിച്ചു തകർക്കുകയായിരുന്നു. സമീപം നിർത്തിയിട്ടിരുന്ന ബോലേറോ ജീപ്പും ബുള്ളറ്റു ബൈക്കും തകർക്കാൻ ശ്രമം നടന്നുവെങ്കിലും വീട്ടുകാർ ഉണർന്ന് ലൈറ്റിട്ട് ബഹളം വെച്ചതിനാൽ ശ്രമം ഉപേക്ഷിച്ച് അക്രമികൾ വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ലോറി ഉടമ സംഘടനയുടെ പയ്യന്നൂർ ഏരിയാ കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗമാണ് പീതാംബരൻ.പീതാംബരന്റെ വിദേശത്തുള്ള മകൻ വിപിൻ ബി.ജെ.പി.അനുഭാവിയാണെന്ന് പറയുന്നുണ്ടെങ്കിലും സംഭവത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസിന്റെ നിഗമനം. വിവരമറിഞ്ഞ് പയ്യന്നൂർ പൊലീസ് സ്റ്റേഷൻ ഓഫിസർ ധനഞ്ജയബാബുവിന്റെ നേതൃത്വത്തിൽ പൊലിസ് സംഘം പുലർച്ചെ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
1കൊഴുമ്മലിൽ പീതാംബരന്റെ വീടിന്റെ ജനൽ ഗ്ലാസുകൾ തകർത്ത നിലയിൽ