മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നവർക്ക് ഒഴിവു സമയം ചെലവിടാൻ പാർക്കു നിർമ്മിക്കുന്നു.പാർക്ക് നിർമിക്കാൻ വിമാനത്താവള കമ്പനിയായ കിയാൽ ടെൻഡർ ക്ഷണിച്ചു. വിമാനത്താവളത്തിൽ ടെർമിനൽ കെട്ടിടത്തിന് സമീപത്തായാണ് യാത്രക്കാർക്ക് സമയം ചെലവിടാവുന്ന വിധത്തിലുള്ള പാർക്ക് നിർമിക്കുന്നത്. ടെർമിനൽ കെട്ടിടത്തിന് മുന്നിലായി വ്യാപാരസ്ഥാപനങ്ങൾ തുടങ്ങുന്നതിനും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
കുട്ടികൾക്കുള്ള കളിസ്ഥലം, ഷെൽട്ടറുകൾ, ഐസ്‌ക്രീം പാർലർ, ഫുഡ് ബിവറേജ് ഔട്ട്‌ലെറ്റുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, പാർക്കിംഗ് ഏരിയ തുടങ്ങിയവ പാർക്കിൽ ഉൾപ്പെടുന്നതായിരിക്കും. 14.65 ഏക്കർ സ്ഥലത്താണ് പാർക്ക് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. നിശ്ചിത വരുമാനം കിയാലിന് ലഭിക്കുന്ന തരത്തിലായിരിക്കും പാർക്കിന്റെ നടത്തിപ്പ്. യാത്രക്കാരെയും വിനോദ സഞ്ചാരികളെയും ആകർഷിക്കുന്ന വിധത്തിലാണ് പാർക്കും അനുബന്ധ വ്യാപാര സ്ഥാപനങ്ങളും നിർമിക്കുക.
ടെർമിനൽ കെട്ടിടത്തിന് മുന്നിലായി 21 ഏക്കർ സ്ഥലത്താണ് വ്യാപാര സ്ഥാപനങ്ങൾ തുടങ്ങുന്നത്. ടെർമിനൽ കെട്ടിടത്തിനകത്ത് നിലവിൽ ഏതാനും ക്ര്രഫീരിയകളും റീട്ടെയിൽ ഷോറൂമുകളും പ്രവർത്തിക്കുന്നണ്ട്.