പിലാത്തറ (കണ്ണൂർ): ജനാധിപത്യ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ് കണ്ണൂർ ജില്ലയിൽ കോൺഗ്രസ് നടത്തുന്നതെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റും നിയുക്ത എം പിയുമായ കെ സുധാകരൻ. രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഉന്മൂലനം ചെയ്തും സ്വതന്ത്രമായ രാഷ്ട്രീയ പ്രവർത്തനത്തിന് തടയിട്ടും സി പി എം ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്. കണ്ണൂർ ജില്ലാ കളക്ടറും പോലീസ് മേധാവിയുമൊക്കെ സി പി എം നേതൃത്വത്തിന്റെ ആജ്‌നാവുവർത്തികളായി അവരുടെ ആത്മാഭിമാനം പണയം വെച്ചാണ് ജോലി ചെയ്യുന്നതെന്നും കെ .സുധാകരൻ പറഞ്ഞു.
പിലാത്തറയിൽ റീ പോളിംഗ് ദിവസം നേരത്തേ കള്ളവോട്ടിനെ ചെറുത്ത ഷാലറ്റ് സെബാസ്റ്റ്യന്റെ വീടിനു നേരെയും കോൺഗ്രസ് ബൂത്ത് ഏജന്റ് വി. ടി .വി പദ്മനാഭന്റേയും വീടുകൾക്കു നേരെ ബോംബെറിഞ്ഞ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരേ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുധാകരൻ.
സി. പി .എമ്മിന്റെ പോക്ക് സർവനാശത്തിലേക്കാണ്. കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്ന് പിണറായി വിജയൻ ആവർത്തിച്ചു തെളിയിക്കുകയാണ്. വിയോജിപ്പുള്ളവരെ പൈശാചികമായി വെട്ടിക്കൊലപ്പെടുത്തിക്കൊണ്ട് ഭയപ്പാടിന്റെ അന്തരീക്ഷം സൃഷ്ടിച്ച് എതിരാളികളെ നിശബ്ദരാക്കാനാണ് പിണറായിയും കൂട്ടരും ശ്രമിക്കുന്നത്. പ്രാകൃതമായ ഈ രാഷ്ട്രീയശൈലിക്കെതിരായ വികാരമാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കണ്ടത്. 19 സീറ്റ് കിട്ടിയതിലല്ല, യു ഡി എഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ച മഹാഭൂരിപക്ഷത്തിലാണ് ജനങ്ങളുടെ വികാരം പ്രകടമാകുന്നത്. കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എം.പി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, ഐ.എൻ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ സുമാ ബാലകൃഷ്ണൻ, വി .എ നാരായണൻ, യു. ഡി. എഫ് ജില്ലാ ചെയർമാൻ പ്രൊഫ എ .ഡി. മുസ്തഫ, എം.നാരായണൻകുട്ടി, കെ. പ്രമോദ്, അഡ്വ ടി. ഒ മോഹനൻ, ഒ. നാരായണൻ, എം. പി. മുരളി, റിജിൽ മാക്കുറ്റി, രജനി രമാനന്ദ്, ടി. ജയകൃഷ്ണൻ, കെ .ബാലകൃഷ്ണൻ മാസ്റ്റർ, അഡ്വ.കെ.ബ്രിജേഷ് കുമാർ, അഡ്വ.റഷീദ് കവ്വായി, ഇ.ടി.രാജീവൻ, സുരേഷ് ബാബു എളയാവൂർ, എ.പി.നാരായണൻ, ജോഷി കണ്ടത്തിൽ, വി.പി.അബ്ദുൾ റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.