കൂത്തുപറമ്പ്: പാതി വഴിയിൽ നിലച്ച കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ കെ.എസ്.ടി.പി.റോഡ് നവീകരണം ഏതാനും ദിവസത്തിനകം പുനരാരംഭിക്കാൻ തീരുമാനമായി. ഡി.വൈ.എഫ്.ഐ. നേതാക്കൾ കെ.എസ്.ടി.പി. അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നായിരുന്നു തീരുമാനം. റോഡ് നവീകരണം ഭാഗികമായതിനെ തുടർന്ന് ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കഴിഞ്ഞ ദിവസം കേരളകൗമുദിയടക്കം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. പാലാപറമ്പിലെ കെ.എസ്.ടി.പി.ഓഫീസിൽ എത്തിയാണ് ഡി.വൈ.എഫ്.ഐ.നേതാക്കൾ റോഡ് വിഭാഗം അധികൃതരുമായി ചർച്ച നടത്തിയത്. കെ.എസ്.ടി.പി. അസി:ഡയറക്ട് റസിഡന്റ്് എൻജിനിയർ പി.കെ.ജോയിയെ ഡി.വൈ.എഫ്.ഐ.നേതാക്കൾ റോഡിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെടുത്തി. തുടർന്ന് കരാറുകാരായ ഏറനാട് കൺസ്ട്രഷൻ കമ്പനി അധികൃതരുമായി എൻജിനീയർ സംസാരിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച്ചക്കകം നിർമ്മാണം പുനരാരംഭിക്കാമെന്ന് ഉറപ്പ് നൽകുകയായിരുന്നു. വാക്കുപാലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി ഡി.വൈ.എഫ്.ഐ. മുന്നോട്ട് പോകുമെന്ന് നേതാക്കൾ അധികൃതരെ അറിയിച്ചു. തലശ്ശേരി മുതൽ കരേറ്റ വരെയുള്ള ഭാഗത്തെ റോഡ് നവീകരണ പ്രവർത്തികൾ പൂർത്തിയായെങ്കിലും തൊക്കിലങ്ങാടിയിലെ 200 മീറ്ററോളം ദൂരത്തെ പ്രവൃത്തിയാണ് ഭാഗികമായി അവശേഷിക്കുന്നത്. അന്തർ സംസ്ഥാന പാത പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനെ തുടർന്ന് കടുത്ത യാത്രാദുരിതമാണ് നാട്ടുകാർ അനുഭവിക്കുന്നത്. കാലവർഷം ആരംഭിച്ചതോടെ നിരവധി അപകടങ്ങൾക്കും റോഡിന്റെ ശോചനീയാവസ്ഥ കാരണമായിട്ടുണ്ട്. ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ഡി.വൈ.എഫ്.ഐ. കൂത്തുപറമ്പ് ബ്‌ളോക്ക് കമ്മറ്റിയുടെ ഇടപെടൽ. സംസ്ഥാന കമ്മറ്റി അംഗം കെ.ലയ, കൂത്തുപറമ്പ് ബ്‌ളോക്ക് സെക്രട്ടറി എം.പി.അനിൽകുമാർ, ഭാരവാഹികളായ വി.ഷിജിത്ത്, കെ.പി.അനുരാഗ്, ടി.വി.നവീൻ, എ.പി.ശ്യാംജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
( ഡി.വൈ.എഫ്.ഐ.നേതാക്കൾ കെ.എസ്.ടി.പി. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നു)