തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്തിലെ തീരദേശ പ്രദേശത്തെ പ്രധാന പാതയിലെ
കൊവ്വപ്പുഴ പാലത്തിന്റെ നിർമ്മാണം പൂർത്തിയായിട്ട് ആറു മാസത്തോളമായിട്ടും, പാലം നിർമ്മാണത്തിനായി തീർത്ത തടയണ പൊളിച്ചു നീക്കാതെ കരാറുകാരൻ മുങ്ങി.

പുഴയിലെ മണലും പുഴയിൽ നിർമ്മിച്ച സമാന്തരപാതയുടെ അവശിഷ്ടങ്ങളും കാരണം പുഴയുടെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കയാണ്. തടയണ നീക്കം ചെയ്യാൻ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പൊതുമരാമത്ത് വകുപ്പിൽ പരാതി നൽകി. പാലത്തിന്റെ അടിയിൽ നേരത്തെ ഉറപ്പിച്ച കൂറ്റൻ കോൺക്രീറ്റ് പൈപ്പുകളും അവശിഷ്ടങ്ങളും ഇന്നലെ ഉച്ചക്ക് നീക്കം ചെയ്യുമെന്ന് കരാറുകാരൻ ഉറപ്പുനൽകിയതിന്റെ പശ്ചാത്തലത്തിൽ കാഞ്ഞങ്ങാട് ഡിവിഷൻ പി.ഡബ്‌ള്യു എൻജിനീയർ ഇ. സഹജൻ ഉച്ചയ്ക്ക് സ്ഥലത്തെത്തി ഒരു മണിക്കൂറോളം കാത്തുനിന്നെങ്കിലും കരാറുകാരനെ കാണാതെ മടങ്ങിപ്പോയി.

2016 ആഗസ്റ്റിലാണ് പാലം നിർമ്മിക്കാൻ പുഴയിൽ മണലിട്ട് ഒഴുക്ക് തടസപ്പെത്തിയത്. ഒളവറ ഉടുമ്പുന്തല വെള്ളാപ്പ് റോഡ് വീതി കൂട്ടി റീടാറിംഗ് നടത്തുന്നതിന്റെ ഭാഗമായാണ് പാലം പുതുക്കിപ്പണിതത്. ബസ്സുകളടക്കം സർവിസ് നടത്തുന്ന റോഡിൽ ഗതാഗതം തടസപ്പെടാതിരിക്കാനാണ് പാലത്തിന്റെ കിഴക്കു ഭാഗത്തുകൂടി
പുഴയിൽ താൽക്കാലിക തടയണ നിർമ്മിച്ച് വാഹന സൗകര്യമൊരുക്കിയത്. കഴിഞ്ഞ കാലവർഷത്തിൽ ഒഴുക്ക് തടസപ്പെട്ടതിനാൽ ധാരാളം മീനുകൾ ഇവിടെ ചത്തുപൊങ്ങിയിരുന്നു. പുഴയിൽ സിമെന്റും, മറ്റു നിർമ്മാണ അവശിഷ്ടങ്ങളും കമ്പിക്കഷണങ്ങളും മറ്റും ചേർന്ന മണ്ണ് നിക്ഷേപിച്ച് തീർത്ത തടയണ നീക്കം ചെയ്യാതെയാണ് പാലം തുറന്നു കൊടുത്തത്.

പാലത്തിന്റെ കിഴക്കുഭാഗത്തായി വിശാലമായ നെൽ വയലുകളാണ്. പുഴയിൽ ഒഴുക്ക് വർധിച്ചാൽ മണ്ണും , നിർമ്മാണ രാസവസ്തു അവശിഷ്ടങ്ങളും വയലുകളിൽ പടരുന്നത് കൃഷിക്ക് നാശം ഉണ്ടാക്കുമെന്ന് കർഷകർ ആശങ്കപ്പെടുന്നു.

കൊവ്വപ്പുഴകണ്ണംകൈ പാലത്തിനു അടിയിലെ നിർമ്മാണ അവശിഷ്ടങ്ങൾ

രാഹുൽ യാത്രയായി, സഹായത്തിനു കാത്തു നിൽക്കാതെ
തൃക്കരിപ്പൂർ: നാട്ടുകാരുടെ സഹായത്തിനു കാത്തു നിൽക്കാതെ രാഹുൽ യാത്രയായി. രക്താർബുദം ചികിത്സിച്ച് വീടും പുരയിടവും അന്യാധീനപ്പെട്ടിട്ടും രോഗം ഭേദമാകാതെ വന്നപ്പോഴാണ് തുടർ ചികിത്സയ്ക്ക് നാട്ടുകാരുടെ സഹകരണത്തോടെ കമ്മിറ്റി രൂപീകരിച്ചത്. എന്നാൽ ആരുടേയും സഹായം ലഭിക്കുന്നതിനു മുൻപ് തന്നെ ഈ യുവാവ് അന്ത്യയാത്രയായത് പ്രദേശത്തെ ജനങ്ങളെ കണ്ണീരിലാഴ്ത്തി.

ജീവിതം കരുപ്പിടിപ്പിക്കാൻ മാസങ്ങളോളം ഗൾഫിൽ ജോലി ചെയ്തിരുന്നുവെങ്കിലും രോഗ ലക്ഷണത്തെ തുടർന്ന് പ്രവാസലോകം ഒഴിവാക്കി നാട്ടിൽ തിരിച്ചെത്തുകയായിരുന്നു ഈ ഇരുപത്തഞ്ചുകാരൻ. തുടർന്ന് തലശ്ശേരി മലബാർ കാൻസർ സെന്ററിൽ പ്രവേശിപ്പിച്ച് ചികിത്സിച്ചു വരികയായിരുന്നു. നിർധന കുടുംബാംഗമായതിനാൽ ചികിത്സാച്ചിലവ് ഭാരമേറിയതോടെ ഈ കുടുംബത്തിന്റെ താളം തെറ്റി. ആരുടെ മുന്നിലും കൈനീട്ടാതെ വീടും സ്വത്തു വകകളും വിൽപ്പന നടത്തിയായി പിന്നീടുള്ള ചികിത്സ.

എന്നാൽ വീട് വിറ്റുകിട്ടിയ തുക പൂർണ്ണമായും ചികിത്സയ്ക്ക് വിനിയോഗിച്ചു തീർന്നപ്പോൾ മാത്രമാണ് ഈ കുടുംബത്തിന്റെ ദുരന്തം ബന്ധുക്കളും നാട്ടുകാരും അറിയുന്നത്. തുടർന്ന് സ്വദേശമായ മെട്ടമ്മലിലെ രാഷ്ട്രീയസാംസ്‌കാരിക പ്രവർത്തകർ ഒത്തുചേർന്ന് ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിക്കുന്നതിനിടയിലാണ് ഇന്നലെ രാഹുൽ അന്ത്യയാത്രയായത്.