തലശേരി: വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി. നസീർ വധശ്രമക്കേസ് അന്വേഷിക്കുന്ന ടൗൺ സി.ഐ വിശ്വംഭരൻ നായർക്ക് വധഭീഷണി. വ്യാഴാഴ്ച വൈകിട്ടാണ് ഭീഷണിക്കത്ത് സി.ഐയുടെ മേൽവിലാസത്തിൽ എത്തിയത്. തലശേരിയിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭീഷണി സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തലശേരി എ.എസ്.പി, ജില്ലാ പൊലീസ് ചീഫ് എന്നിവർക്ക് സി.ഐ കൈമാറും.
അതേസമയം, നസീറിന്റെ മൊഴി രഹസ്യമായി രേഖപ്പെടുത്താൻ മജിസ്ട്രേട്ടിനെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം അടുത്ത ദിവസം തലശേരി ചീഫ് ജുഡിഷൽ മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകും. എ.എൻ. ഷംസീർ എം.എൽ.എയ്‌ക്ക് സംഭവത്തിൽ പങ്കുണ്ടെന്ന ആരോപണം വ്യാപകമായതോടെയാണ് മൊഴി മജിസ്ട്രേട്ടിനെ കൊണ്ട് രേഖപ്പെടുത്താൻ തീരുമാനിച്ചത്. മൂന്ന് തവണ സി.ഐയുടെ നേതൃത്വത്തിൽ നസീറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കോടതി ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ട മുഖ്യപ്രതികളായ കതിരൂർ വേറ്റുമ്മൽ കൊയിറ്റി ഹൗസിൽ ശ്രീജിൻ (26), കൊളശേരി ശ്രീലക്ഷ്മി ക്വാർട്ടേഴ്സിൽ റോഷൻ (26) എന്നിവരെ ചോദ്യം ചെയ്യലും തെളിവെടുപ്പും തുടരുകയാണ്. യഥാർത്ഥ പ്രതികളെ പിടികൂടും വരെ സമരം തുടരുമെന്ന് നിയുക്ത എം.പിമാരായ കെ. മുരളീധരൻ, കെ. സുധാകരൻ എന്നിവർ പറഞ്ഞു. നസീർ ആവശ്യപ്പെട്ടാൽ കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കാൻ തയ്യാറാണെന്ന് ബി.ജെ.പി നേതാക്കളും അറിയിച്ചിട്ടുണ്ട്.