തലശേരി: സി.ഒ.ടി. നസീറിനെ ആക്രമിക്കുന്നതിന്റെ കൂടുതൽ സി.സി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. മേയ് 18ന് രാത്രി തലശേരി കായ്യത്ത് റോഡിൽ പ്രതികൾ ആക്രമിക്കുന്ന വ്യക്തമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നസീറിനെ മറ്റൊരു ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേല്പിക്കുന്നതാണ് ദൃശ്യം. അറസ്റ്റിലായ മൂന്ന് പേരുമാണ് കൃത്യത്തിൽ പങ്കെടുത്തതെന്ന് വ്യക്തമാണ്. ബൈക്ക് ഓടിച്ചത് പ്രതികളിൽ ഒരാളായ അശ്വിനാണ്. മുഖം മൂടി ധരിച്ച് വെട്ടി പരിക്കേല്പിക്കുന്നത് സോജിൻ. വെള്ളമുണ്ട് ധരിച്ച് ഇരുമ്പ് ദണ്ഡുമായി പരിക്കേല്പിക്കുന്നത് റോഷനുമാണ്. റോഷനുമായി അന്വേഷണ സംഘം കർണാടകയിലെ ഹുൻസൂറിലെത്തി തെളിവെടുപ്പ് ആരംഭിച്ചു.
അതിനിടെ, കേസിലെ മുഖ്യ പ്രതികളായ ജിതേഷ്, ബ്രിട്ടോ, മിഥുൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ തലശേരി കോടതി തള്ളി. ഇതോടെ പ്രതികൾ കോടതിയിൽ കീഴടങ്ങിയേക്കും.
സൂത്രധാരൻ പൊട്ട്യൻ സന്തോഷെന്ന്
നസീറിനെ ആക്രമിച്ചതിന്റെ മുഖ്യ സൂത്രധാരൻ കുണ്ടുചിറ സ്വദേശി പൊട്ട്യൻ സന്തോഷെന്ന് പൊലീസ് കസ്റ്റഡിയിലുള്ള പ്രതികൾ മൊഴി നല്കി. ഒളിവിൽ പോയ സന്തോഷിനായി അയൽ സംസ്ഥാനങ്ങളിലും പൊലീസ് തെരച്ചിൽ തുടങ്ങി. സി.പി.എം പ്രവർത്തകനായ സന്തോഷ് വിവിധ രാഷ്ട്രീയ കേസുകളിൽ പ്രതിയാണ്.