pharm-d

കണ്ണൂർ : കോടികൾ കൈയിലുള്ളപ്പോഴും സംസ്ഥാനത്തെ അഞ്ച് സർക്കാർ മെഡിക്കൽ കോളേജുകൾ ഫാം.ഡി കോഴ്സിനോട് മുഖം തിരിക്കുന്നു. കോഴ്സിനായി കൗൺസിൽ ഒഫ് ഇന്ത്യയും യു.ജി.സിയും എട്ട് കോടി രൂപയാണ് നൽകിയത്. നിലവിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഫാം.ഡി ഉണ്ടെങ്കിലും ഈ വർഷം കോഴ്സ് പൂർത്തിയാകുന്നതോടെ ഇവിടെ പുതിയ ബാച്ചിനും സാദ്ധ്യതയില്ല.

ഫാർമസിയിൽ ആറു വർഷത്തെ ബിരുദ ഗവേഷണ കോഴ്‌സാണ് ഡോക്ടർ ഒഫ് ഫാർമസി എന്നറിയപ്പെടുന്ന ഫാം.ഡി. രണ്ട് മുതൽ നാല് ലക്ഷം വരെ ഫീസ് വാങ്ങി സംസ്ഥാനത്തെ 16 സ്വകാര്യ കോളേജുകളിൽ ഈ കോഴ്‌സ് നടത്തുന്നുണ്ട്.

 ഫാം.ഡിക്കാരുടെ ചുമതല

രോഗികൾ ഏതെല്ലാം മരുന്നുകൾ എങ്ങനെ കഴിക്കണമെന്നു നിർണയിക്കുന്നതിൽ അലോപ്പതി ഡോക്ടർമാരെ സഹായിക്കുകയാണ് ഫാം.ഡിക്കാരുടെ ചുമതല. ഫാം.ഡി പോസ്റ്റു ഗ്രാഡുവേറ്റ് യോഗ്യതയാണെന്നും പാസാകുന്ന വിദ്യാർത്ഥികൾക്ക് നേരിട്ട് പിഎച്ച്.ഡിക്ക് രജിസ്റ്റർ ചെയ്യാമെന്നുമുള്ള വിജ്ഞാപനം ഫാർമസി കൗൺസിൽ ഒഫ് ഇന്ത്യ 2011 ആഗസ്റ്റിൽ പുറപ്പെടുവിച്ചിരുന്നു. മെഡിക്കൽ കോളേജുകളിലും ജില്ലാ - താലൂക്കാശുപത്രികളിലും ക്ലിനിക്കൽ ഫാർമസിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് ഇവർക്ക് തൊഴിൽ സാദ്ധ്യത ഉറപ്പാക്കാം.

 പ്രക്ഷോഭത്തിനൊരുങ്ങി പി.ടി.എ

ഫാം.ഡി കോഴ്‌സിന് പരിഗണന നൽകണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥി – രക്ഷാകർതൃ അസോസിയേഷൻ (പി.ടി.എ) പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. സർക്കാർ മെഡിക്കൽ കോളേജുകളിൽ ഫാം.ഡി കോഴ്സ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി.ടി.എ പ്രസിഡന്റ് ആർ. പ്രദീപന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി,​ ആരോഗ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകിയിരുന്നു.

എം.ബി.ബി.എസിനെക്കാൾ കാലദൈർഘ്യമുള്ള ഫാം.ഡി യോഗ്യത നേടിയവർ ഡോക്ടർമാരുടെ സംഘടനകൾക്ക് വഴങ്ങി വിദേശത്ത് ജോലി ചെയ്യേണ്ട അവസ്ഥ എതിർക്കണം. ഡോക്ടർ ഒഫ് ഫാർമസി യോഗ്യതയുള്ളവരുടെ സേവനം ഔഷധമേഖലയിൽ കാര്യക്ഷമമായി പ്രയോജനപ്പെടുത്താൻ സർക്കാർ ഇടപെടണം.

- പി.വി. പ്രദീപ് കുമാർ, കണ്ണൂർ ജില്ലാ സെക്രട്ടറി,

ഫെഡറേഷൻ ഒഫ് ഇന്ത്യൻ ഫാർമസിസ്റ്റ്സ് ഓർഗനൈസേഷൻ

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ആവശ്യമായ തസ്തികയില്ലാത്തതിനാലാണ് ഫാം.ഡി കോഴ്സ് തുടങ്ങാൻ വൈകുന്നത്. അതു പരിഹരിക്കാനുള്ള നടപടി തുടരുകയാണ്. ഗവ. മെഡിക്കൽ കോളേജുകളിൽ കോഴ്സ് തുടങ്ങുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ട്.

- ആരോഗ്യമന്ത്രിയുടെ ഓഫീസ്