endosulfan

കാസർകോട് : 18 വയസിന് താഴെയുള്ള 511 കുട്ടികളെക്കൂടി എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തി ദുരിതബാധിതർക്കുള്ള മുഴുവൻ അനുകൂല്യങ്ങളും അനുവദിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. പട്ടികയിൽ നിന്ന് വിവിധകാരണങ്ങളാൽ ഒഴിവായിപ്പോയവരാണിവർ.

തിരുവനന്തപുരം സെക്രട്ടേറിയേറ്റ് പടിക്കൽ നടന്ന അമ്മമാരുടെ പ്രക്ഷോഭത്തെ തുടർന്ന് മന്ത്രിമാരുമായും പിന്നീട് മുഖ്യമന്ത്രിയുമായും നടത്തിയ ചർച്ചയിലെടുത്ത തീരുമാനമനുസരിച്ചാണിത്.

എൻഡോസൾഫാൻ സെൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളെ ഏറ്റെടുക്കുന്ന കാര്യം യോഗത്തിന്റെ പരിധിയിൽ വരുന്നതല്ലെങ്കിലും അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ അനാഥത്വം ഒഴിവാക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത 1905 പേരെയും അതിനുശേഷം പുനഃ പരിശോധനയിൽ 76 പേരെയും ഉൾപ്പെടുത്തിയിരുന്നു. ക്യാമ്പുകളിൽ പങ്കെടുത്തിട്ടും പട്ടികയിൽ ഉൾപ്പെടാതെ പോയ 511 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന യോഗത്തിന്റെ പൊതുവികാരത്തെ തുടർന്നാണ് ഇത്രയും പേരെ ലിസ്റ്റിൽ ചേർക്കുന്നത്.

ഹർത്താൽ ആയതിനാൽ ക്യാമ്പിൽ പങ്കെടുക്കാതിരുന്നവർക്കും പുതുതായി വരുന്നവർക്കും വേണ്ടി ജൂൺ 25 മുതൽ ജൂലായ് 9 വരെ ക്യാമ്പുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

എൻഡോസൾഫാൻ രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടി കാസർകോട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം വേഗത്തിലാക്കുന്നതിന് സർക്കാരിനോട് ആവശ്യപ്പെടും.

പുനരധിവാസ ഗ്രാമത്തിനായി സമർപ്പിച്ച 68 കോടിയുടെ പദ്ധതി റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്. കിഫ്ബിയിൽ ഉൾപ്പെടുത്തി പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, കെ. കുഞ്ഞിരാമൻ എം.എൽ.എ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, ജില്ലാ കളക്ടർ ഡോ. സുജിത് ബാബു എന്നിവരും പങ് കെടുത്തു.