കാസർകോട്: ജില്ലയിൽ കടലാക്രമണമുണ്ടായ പ്രദേശങ്ങളിലെ തീരദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതുൾപ്പടെ അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി ഇ. ചന്ദ്രശേഖരൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. കടലാക്രമണം രൂക്ഷമായ മുസോഡി കടപ്പുറം മന്ത്രി സന്ദർശിച്ചു. തീരദേശത്ത് ജിയോ ബാഗ് പോലുള്ള താത്കാലിക പ്രതിരോധ സംവിധാനം ഒരുക്കും. ഇതിനായി ജില്ലയ്‌ക്ക് ഒരു കോടി രൂപ അനുവദിക്കും. ദീർഘകാലാടിസ്ഥാനത്തിൽ 12 കോടി രൂപയുടെ പദ്ധതി ജില്ലയിൽ നടപ്പിലാക്കുമെന്നും റവന്യുമന്ത്രി പറഞ്ഞു. ജലസേചന വകുപ്പിനെ ഇതിനായി ചുമതലപ്പെടുത്തി. ഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക് മൂന്നു സെന്റ് ഭൂമി വാങ്ങുന്നതിന് ആറു ലക്ഷം രൂപ ഫിഷറീസ് വകുപ്പ് അനുവദിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായം ഉൾപ്പെടെ നാലുലക്ഷം രൂപ വീട് നിർമ്മിക്കാനും സർക്കാർ നൽകുമെന്ന് മന്ത്രി പറഞ്ഞു.
ക്യാമ്പുകളിൽ താമസിക്കുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാൻ ആരോഗ്യ വകുപ്പിന് മന്ത്രി നിർദ്ദേശം നൽകി. കെടുതിയിലായ മസ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.