തലശ്ശേരി: പതിറ്റാണ്ടുകൾ പിന്നിട്ട ബലമേറിയ കോൺക്രീറ്റ് പൊളിച്ചുമാറ്റി കോടികൾ മുടക്കി നവീകരിച്ച ഒ.വി.റോഡിൽ രണ്ടിടത്തായി വിള്ളൽ രൂപപ്പെട്ടു. പുതിയ ബസ് സ്റ്റാൻഡ് ക്ലോക്ക് ടവറിനടുത്ത് ഇടത് വശത്തെ നാലാമത്തെയും അഞ്ചാമത്തെയും സ്ലാബുകളിലാണ് പൊട്ടലുകൾ കാണപ്പെട്ടത്.
നാലാമത്തെ സ്ലാബിലുള്ള പൊട്ടലിന് രണ്ടടിയോളം നീളമുണ്ട്. അഞ്ചാമത്തേതിൽ സിമന്റിൽ നിന്ന് ജില്ലികൾ ഇളകി തുടങ്ങിയിട്ടുണ്ട്. നവീകരണത്തിന്റെ ഭാഗമായി ഏതാണ്ട് മൂന്ന് മാസം മുൻപാണ് ഇവിടെ പ്രവൃത്തി തുടങ്ങിയത്. കോൺക്രീറ്റ് ചെയ്തതിന് ശേഷം ആവശ്യത്തിന് നനക്കാത്തതാണ് സ്ളാബുകൾ പൊട്ടിയതിന് പിന്നിലെന്നാണ് കരുതുന്നത്.
ഇക്കഴിഞ്ഞ മേയ് മാസം 20 മുതലാണ് ഒന്നാം ഘട്ട പ്രവൃത്തി ഭാഗികമായി പൂർത്തിയായ പുതിയ ബസ് സ്റ്റാൻഡിലെ ക്ലോക്ക് ടവർ മുതൽ സംഗമം കവല വരെയുള്ള സ്ലാബ് റോഡിലൂടെ ഭാരവാഹനങ്ങൾ ഉൾപ്പെടെ കടത്തിവിട്ടിരുന്നത്. ഗതാഗതം തുടങ്ങി ഒരു മാസം പിന്നിടുന്നതിനിടയിൽ കാണപ്പെടുന്ന പൊട്ടലുകളുടെ വ്യാപ്തി ഇനിയും കൂടാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു മേൽനോട്ട പരിശോധനയിലെ അപാകത കാരണം പുതിയ നിർമ്മാണ പ്രവൃത്തിയുടെ ആയുസ് കുറയുമെന്ന് ആശങ്കയുണ്ട്..കെ.എസ്.ടി.പിയുടെ മേൽനോട്ടത്തിൽ ഇ.കെ.കെ.കൺസ്ട്ര ക്ഷൻ കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. ഒ.വി.റോഡിന്റെ രണ്ടാം ഘട്ട പ്രവൃത്തി ഇപ്പോൾ അവസാനത്തിലെത്തിയിട്ടുണ്ട്. ഇത് തീർന്നാൽ മൂന്നാം ഘട്ടവും മുഴുമിപ്പിക്കാനാണ് തിരുമാനം. രണ്ട് ബസ് സ്റ്റാൻഡുകളേയും ബന്ധിപ്പിക്കുന്ന ഒ.വി.റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് മാസങ്ങളായി നഗരം ഗതാഗതക്കുരുക്കിലാണ്.