കാസർകോട്: എൻഡോസൾഫാൻ കീടനാശിനി പ്രയോഗത്തെ തുടർന്ന് ആയിരക്കണക്കിന് ആളുകൾ രോഗവും ദുരിതവുമായി കഴിയുമ്പോൾ കീടനാശിനി കമ്പനിയെ അനുകൂലിച്ച് ഒരു അഭിമുഖത്തിൽ കാസർകോട് ജില്ലാ കളക്ടർ നടത്തിയ പരാമർശം വിവാദത്തിൽ. കളക്ടറുടെ പരാമർശത്തിനെതിരെ എൻഡോസൾഫാൻ സെൽ യോഗത്തിൽ സംബന്ധിച്ച കഥാകൃത്തും എൻഡോസൾഫാൻ വിരുദ്ധ സമരസമിതി നേതാവുമായ ഡോ. അംബികാസുതൻ മാങ്ങാട് തുറന്നടിച്ചു.
ഒരു മാസം മുമ്പ് കാഞ്ഞങ്ങാട് കോടോത്തുള്ള ഒരു വിദ്യാർത്ഥിക്ക് കളക്ടർ ഡോ.സുജിത് ബാബു നൽകിയ അഭിമുഖം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. എൻഡോസൾഫാൻ പ്രയോഗം കൊണ്ടൊന്നുമല്ല ആളുകൾക്ക് മാരക രോഗം ബാധിച്ചതെന്നും അത് ഇവിടത്തെ രാഷ്ട്രീയക്കാർക്കും മറ്റു ചിലർക്കും ആളാകാൻ വേണ്ടി ഉയർത്തിക്കൊണ്ടുവന്ന വിഷയമാണെന്നും മറ്റുമുള്ള രീതിയിലായിരുന്നു കളക്ടറുടെ പരാമർശം. എൻഡോസൾഫാൻ മൂലം രോഗം വന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് കളക്ടർ പറഞ്ഞത്. മുന്നൂറോളം കോടിരൂപ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി ചിലവഴിച്ചിട്ടുണ്ട്. എന്നാൽ പരീക്ഷണങ്ങളോ നിഗമനങ്ങളോ എൻഡോസൾഫാൻ മൂലം രോഗം ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ ഇതേക്കുറിച്ച് ഇനിയും ചർച്ചകൾ നടത്തണമെന്നും സെല്ലിന്റെ കൺവീനർ കൂടിയായ കളക്ടർ പറയുന്നുണ്ട്.
ഇതറിഞ്ഞ അംബികാസുതൻ മാങ്ങാട് വിദ്യാർത്ഥിയുമായി സംസാരിച്ചപ്പോൾ അതിന്റെ ഗൗരവം ഉൾക്കൊണ്ട വിദ്യാർത്ഥി ഫെയ്‌സ്ബുക്കിൽ നിന്ന് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. കളക്ടറേറ്റിൽ ചേർന്ന എൻഡോസൾഫാൻ യോഗത്തിൽ അംബികാസുതൻ മാങ്ങാട് കളക്ടർ സെല്ലിന്റെ കൺവീനർ സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.
സെൽ ചെയർമാൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, നിയുക്ത എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ, എം.എൽ.എ മാരായ എൻ.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അംബികാസുതൻ മാങ്ങാട് കളക്ടർക്കെതിരെ പരസ്യ വിമർശനം നടത്തിയത്. കളക്ടർ ഇതിന് മറുപടി പറഞ്ഞില്ലെങ്കിലും സർക്കാർ പറയുന്ന ജോലി താൻ ചെയ്യുമെന്നു മാത്രം പറഞ്ഞു.
പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം: കളക്ടർ
സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ പദ്ധതിയുടെ നടത്തിപ്പുകാരായ സർക്കാറിനൊപ്പം നിൽക്കും. തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് ഫേസ്ബുക്കിൽ കുറിച്ചത്. അത് ഔദ്യോഗികമല്ല. പലർക്കും പല വീക്ഷണങ്ങളും ഉണ്ടാകാം. എന്നാൽ രോഗം ബാധിച്ചത് എൻഡോസൾഫാൻ തളിച്ചത് മൂലമെന്ന് പറയണമെങ്കിൽ ഇനിയും നിരീക്ഷണങ്ങളും പഠനങ്ങളും നടത്തണമെന്നും കളക്ടർ ഡോ.സുജിത് ബാബു പിന്നീട് പ്രതികരിച്ചു.