പഴയങ്ങാടി (കണ്ണൂർ): യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കുകൾ എതിർവശത്തുകൂടി വന്ന ലോറിയിൽ ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 3 ന്
ചെറുകുന്ന് മുട്ടിൽ റോഡിൽ വച്ചാണ് അപകടം. പള്ളിക്കര സ്വദേശികളായ കെ.ടി. മുഹസിൻ (18), കെ.വി. ജാസിം (18) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ റിസ്വാൻ, സഫ്വാൻ എന്നിവർ കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലേക്ക് പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുകൾ ഇടിച്ചുകയറുകയായിരുന്നു.
ജാസിം, മുഹസിൻ എന്നിവർ അര മണിക്കൂറോളം ലോറിക്ക് അടിയിൽ കുരുങ്ങിക്കിടന്നു. ജെ.സി.ബി ഉപയോഗിച്ച് ലോറിയുടെ മുൻഭാഗം ഉയർത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ഉടൻ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിസ്വാനും സഫ്വാനും സഞ്ചരിച്ച ബൈക്ക് ലോറിയിലിടിച്ച് സമീപത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല. മൃതദേഹങ്ങൾ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും. സയിദലവി - സാഹിദ ദമ്പതികളുടെ മകനാണ് ജാസിം. സഹോദരങ്ങൾ: നിയാസ്, ശദ. അബ്ദുള്ള - നസീമ ദമ്പതികളുടെ മകനാണ് മുഹസിൻ. ഏക സഹോദരൻ: മനാൽ.