തലശ്ശേരി: 33 ബ്രാഞ്ചുകളിലൂടെ ഏഴ് ജില്ലകളിലെ നിക്ഷേപകരുടെ അമ്പത് കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ പറവൂർ സഹോദരന്മാരുടെ ടി.എൻ.ടി.ചിട്ടി തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും . ഇതിനായുള്ള നിർദ്ദേശം ആഭ്യന്തര വകുപ്പ് ഉടൻ പുറപ്പെടുവിക്കും.കഴിഞ്ഞ നാല് മാസത്തോളം ലോക്കൽ പൊലിസ് നടത്തിയ അന്വേഷണത്തിൽ യാതൊരു പുരോഗതിയുമില്ലാത്ത സാഹചര്യത്തിലാണ് കേസുകൾ ക്രൈംബ്രാഞ്ചിന് വിടുന്നത്.

ഉന്നതങ്ങളിൽ വൻ സ്വാധീനമുള്ള നോർത്ത് പരവൂരിലെ തോമസ് സഹോദരന്മാരാണ് ടി.എൻ.ടി.യുടെ ഉടമകൾ. കണ്ണൂർ ,കാസർകോട് ജില്ലകളിൽ കഴിഞ്ഞ 9 വർഷങ്ങളായി വി ഫോർ യൂ എന്ന പേരിലുള്ള രണ്ട് ചാരിറ്റി ട്രസ്റ്റിന്റെ അക്കൗണ്ടിലാണ് ഇവർ കലക്ഷൻ ഏജന്റുമാരിലൂടെ പിരിച്ച പണം നിക്ഷേപിച്ചത്.കണ്ണൂർ ജില്ലയിൽ തലശ്ശേരി, കൂത്തുപറമ്പ് ,വളപട്ടണം ,പാപ്പിനിശ്ശേരി, തളിപറമ്പ് ,പയ്യന്നൂർ, ആലക്കോട് , ശ്രി കണ്ഠാപുരം, കുടിയാന്മല ,തുടങ്ങിയ സ്റ്റേഷനുകളിൽ ടി.എൻ.ടി.ക്കെതിരെ വഞ്ചനാ കേസുകളുണ്ട്.കഴിഞ്ഞ ഫെബ്രുവരി മുതലാണ് കബളിപ്പിക്കപ്പെട്ടവരുടെ പരാതികൾ പൊലീസിൽ എത്തിത്തുടങ്ങിയത്.തലശ്ശേരിയിലെ മഞ്ഞോടിയിലാണ് ടി.എൻ.ടി.യുടെ തലശ്ശേരി ശാഖ പ്രവർത്തിച്ചിരുന്നത്.ഇതിപ്പോൾ അടച്ചു പൂട്ടിയ നിലയിലാണുള്ളത്.

സ്ഥാപനത്തിലെ ഇളക്കിയെടുക്കാവുന്ന മുതലുകൾ തട്ടിപ്പിനിരയായവർ കടത്തിക്കൊണ്ടുപോയെന്നും ആരോപണമുണ്ട്.ഫെബ്രുവരി 19ന് എരഞ്ഞോളിയിലെ സുമിത്ത് നിവാസിൽ സുബിനാണ് ആദ്യം തലശ്ശേരി പൊലീസിൽ പരാതി നൽകിയത്. ഇതെ തുടർന്ന് നോർത്ത് പരവൂർ കുറുപ്പശ്ശേരി കുഞ്ഞിത്തായിലെ കെ.വി. ടെൽസൺ തോമസ് (44), സഹോദരൻ നെൽസൺ തോമസ് (42) എന്നിവരെ പ്രതിചേർത്ത് 406, 420 റഡ് വിത്ത് 34 വകുപ്പുകൾ ചുമത്തി തലശ്ശേരി പൊലീസ് കേസെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ മറ്റ് ചിലരും പരാതി പ്പെട്ടതോടെ കേസുകളുടെ എണ്ണം കൂടി.ഇതിനിടെ കൂത്തുപറമ്പ് ഉൾപെടെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള ഇടപാടുകാർ ജില്ലാ പോലീസ് മേധാവിക്കും പരാതികൾ നൽകിയതോടെ എല്ലാ കേസുകളും ഒന്നിച്ച് പരിഗണിക്കാനായി നിർദ്ദേശം.എന്നാൽ മാസങ്ങൾ നീണ്ട അന്വേഷണത്തിലും മുങ്ങിയ സഹോദരന്മാരെ ലോക്കൽ പോലീസിമ് പിടികൂടാനായില്ല.

ടി.എൻ.ടി.ചിട്ടികൾ അനധികൃതമണെന്ന് കണ്ടെത്തിയ ജില്ലാ രജിസ്ടാർ നൽകിയ റിപ്പോർട്ടിനെ തുടർന്ന് ഈ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുക്കാൻ ഉന്നതനിർദ്ദേശം ഉണ്ടായിട്ടും ചില പൊലിസ് ഉദ്യോഗസ്ഥർ ഇതിന് തയ്യാറായില്ലത്രെ. തളിപറമ്പ് ഡിവൈ.എസ്.പി.യായിരുന്ന കെ.വി.വേണുഗോപാൽ നൽകിയ നിർദ്ദേശം ആലക്കോട്,​പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അനുസരിക്കാത്തതിനെ തുടർന്ന് ഇവർക്ക് മെമ്മോ നൽകിയത് വാർത്തയായിരുന്നു.

മഞ്ഞോടിയിലെ ടി.എൻ.ടി ചിട്ടിക്കമ്പനി ശാഖ.