കണ്ണൂർ: കണ്ണൂർ, കാസർകോട്, വടകര മണ്ഡലങ്ങൾ ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ പാർട്ടി കേന്ദ്രങ്ങളിൽ വ്യാപകമായി വോട്ട് ചോർന്നതിൽ വിശദമായ അന്വേഷണം വേണമെന്ന് സി..പി.. എം ജില്ലാ കമ്മിറ്റിയിൽ അഭിപ്രായം.. വൻപരാജയത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് നേതൃത്വത്തിനും ഒഴിഞ്ഞുമാറാൻ കഴിയില്ല.. അടിമുതൽ മുടി വരെ ആത്മപരിശോധന നടത്തി വേണം യഥാർഥ കാരണം കണ്ടെത്തേണ്ടത്.. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനും കേന്ദ്ര, സംസ്ഥാന കമ്മിറ്റി തീരുമാനം റിപ്പോർട്ട് ചെയ്യാനും വിളിച്ചു ചേർത്ത കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിലാണ് നേതൃത്വത്തിനെതിരെ വിമർശനമുണ്ടായത്.. തിരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കുന്ന കാര്യത്തിലും ജില്ലാ കമ്മിറ്റിയ്ക്ക് വീഴ്ചയുണ്ടായി. കണ്ണൂരിൽ ഇത്ര വലിയ പരാജയമുണ്ടാകുമെന്ന് ഒരിക്കലും കരുതിയതല്ല. മട്ടന്നൂർ, ധർമ്മടം, തലശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ് തുടങ്ങിയ മണ്ഡലങ്ങളിൽ വൻതോതിൽ വോട്ട് ചോർച്ചയുണ്ടായി. ഇതു മുൻകൂട്ടി കാണാനും പ്രതിവിധി കണ്ടെത്താനും നേതൃത്വത്തിന്റെ ഭാഗത്ത് നിന്നു ശ്രമമുണ്ടായില്ല.

വിശ്വാസികളെ വെല്ലുവിളിക്കുന്ന രീതിയിലുള്ള പ്രചരണം ചില കേന്ദ്രങ്ങളിൽ പരോക്ഷമായുണ്ടായതും ഒരു വിഭാഗത്തെ പാർട്ടിയിൽ നിന്ന് അകറ്റി നിർത്താനും കാരണമായി. പരമ്പരാഗതമായി പാർട്ടിക്കൊപ്പം നിന്ന വോട്ടുകളാണ് നഷ്ടപ്പെട്ടത്.

ഒറ്റപ്പെട്ട അക്രമങ്ങൾ കണ്ണൂർ ജില്ലയിലുണ്ടാകാറുണ്ട്.. ഇതിലെല്ലാം പ്രതിസ്ഥാനത്ത് സി..പി.. എമ്മിനെ നിർത്താനുള്ള ശ്രമം എതിരാളികളുടെ ഭാഗത്ത് നിന്നുണ്ടായി.. കൊലയാളി പാർട്ടി എന്ന എതിരാളികളുടെ പ്രചാരണം കണ്ണൂർ, കാസർകോട്, വടകര മണ്ഡലങ്ങളിൽ ഒരു വിജയം കണ്ടു. ചില കേന്ദ്രങ്ങളിൽ ശബരിമല വിഷയം പ്രധാന ചർച്ചയായെന്നും ഇതോടെ വിശ്വാസികൾ പാർട്ടിയിൽ നിന്ന് അകലുകയും ചെയ്തു.. വിശ്വാസികളുടെ ധാരണ തിരുത്തിക്കാനുള്ള ശ്രമം നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും വിമർശനമുയർന്നു. പ്രായഭേദമെന്യ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന കോടതി വിധി നടപ്പിലാക്കുകയാണ് സർക്കാർ ചെയ്തതെന്ന് പ്രചരിപ്പിക്കാൻ പാർട്ടി മെഷീനറിക്ക് കഴിഞ്ഞിട്ടില്ലെന്നും വിമർശനമുണ്ടായി.

ഈ പരാജയത്തെ ഒരിക്കലും ലഘൂകരിച്ച് കാണാൻ കഴിയില്ല.. കണ്ണൂരിലെ ഇത്രയും കനത്ത തോൽവിക്ക് നല്ലൊരു പോസ്റ്റ് മോർട്ടം തന്നെ ആവശ്യമാണ്. കണ്ണൂർ മണ്ഡലത്തിന്റെ സമഗ്രവികസനത്തിനു വേണ്ടി പ്രവർത്തിച്ച പി..കെ.. ശ്രീമതിയുടെ സ്വീകാര്യത എങ്ങനെ കുറ‌ഞ്ഞുവെന്നും പരിശോധിക്കപ്പെടേണ്ടതാണ്.. പാർട്ടി കേന്ദ്രങ്ങളിൽ നിന്നു തന്നെയാണ് ശ്രീമതിക്ക് വോട്ട് കുറഞ്ഞതെന്നും കമ്മിറ്റി വിലയിരുത്തി.

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുൻപ് സി.. ഒ..ടി നസീറിനെ ആക്രമിച്ചതും പാർട്ടിയെ പ്രതിരോധത്തിലാക്കി. അക്രമങ്ങൾ പാർട്ടിയുടെ തലയിൽകെട്ടിവയ്ക്കാൻ എതിരാളികളും വലതുപക്ഷ മാദ്ധ്യമങ്ങളും എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ട്.. അത്തരം പ്രചാരണങ്ങളെ അതിജീവിക്കാൻ പാർട്ടിക്ക് കഴിയണം. എന്നാൽ പാർട്ടി നിയോഗിച്ച കമ്മിഷൻ അന്വേഷിക്കുന്ന സാഹചര്യത്തിൽ നസീർ വധശ്രമക്കേസിനെ കുറിച്ച് ചർച്ച വേണ്ടെന്ന അഭിപ്രായവും യോഗത്തിലുണ്ടായി.

ബ്രാഞ്ച്,. ലോക്കൽ , ഏരിയാ കമ്മിറ്റികൾ വിളിച്ചു ചേർത്ത് താഴെതലം മുതൽ തിരഞ്ഞെപ്പ് ഫലം വിലയിരുത്താനും യോഗം തീരുമാനിച്ചു.. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്.