തലശേരി: കതിരൂർ പൊന്ന്യം നാമത്ത് മുക്കിൽ ബോംബേറും കൂട്ടത്തല്ലും. സി.പി.എം, ബി.ജെ.പി പ്രവർത്തകരായ ഏഴു പേർക്ക് പരിക്കേറ്റു.
ബോംബേറിൽ പരിക്കേറ്റ സി.പി.എം പ്രവർത്തകരായ വെസ്റ്റ് പൊന്ന്യത്തെ വൈശ്യക്കാരണി കട്യൻ പറമ്പത്ത് വി.കെ. സുബീഷ് (24), സൗപർണികയിൽ അശ്വിൻ (25), കക്കാടൻ യദുൽ കൃഷ്ണൻ (20), ശ്രീരാഗിൽ വിഥുൻ (26), കുണ്ടത്തിയിൽ ടി. അർജുൻ (31) എന്നിവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി.ജെ.പി പ്രവർത്തകരായ ചെങ്കളത്തിൽ അജയൻ (35), സി. ശ്രീജിത്ത് (33) എന്നിവരെ പരിക്കുകളോടെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് നാലോടെ പൊന്ന്യം നാമത്ത് മുക്കിനടുത്ത് വച്ചാണ് സി.പി.എം പ്രവർത്തകർക്ക് നേരെ ബോംബാക്രമണമുണ്ടായത്. സ്ഥലത്തെ ഒരു വീട്ടിൽ ഗൃഹപ്രവേശനത്തിൽ പങ്കെടുത്ത് തിരിച്ചു പോവുന്നതിനിടെ യിൽ ആർ.എസ്.എസ് പ്രവർത്തകർ ബോംബെറിഞ്ഞതായാണു പരാതി. പിന്നാലെ സംഘടിച്ചെത്തിയ സി.പി.എം പ്രവർത്തകരുടെ മർദ്ദനമേറ്റാണ് ബി.ജെ.പി പ്രവർത്തകർക്കു പരിക്കേറ്റത്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സംഭവത്തിൽ കതിരൂർ പൊലീസ് കേസെടുത്തു.
ബോംബേറിൽ പരിക്കേറ്റ് സഹകരണ ആശുപത്രിയിലുള്ളവരെ എ.എൻ. ഷംസീർ എം.എൽ.എയും മറ്റ് നേതാക്കളും സന്ദർശിച്ചു.