തലശ്ശേരി: വാർദ്ധക്യപെൻഷൻ ഉൾപ്പെടെയുള്ള സർക്കാറിന്റെ ക്ഷേമപെൻഷനുകൾ ഉപഭോക്താക്കൾക്ക് നൽകാതെ തിരിമറി നടത്തിയ സി.പി.എം നേതാവിനെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. തലശ്ശേരി സഹകരണ റൂറൽ ബാങ്ക് ജനറൽ മാനേജറുടെ പരാതി പ്രകാരം സി.പി.എം തലശ്ശേരി ലോക്കൽ കമ്മറ്റിയംഗവും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അംഗവുമായ ലോട്ടസ് ചിറക്കര ആലക്കാടൻ വീട്ടിൽ കെ.കെ. ബിജുവിനെതിരെയാണ് പൊലീസ് കേസെടുത്തത്. ബാങ്കിലെ കലക്ഷൻ ഏജന്റാണ് കെ.കെ ബിജു.
സഹകരണ ബാങ്ക് ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിനായി ആറ് ലക്ഷം രൂപ ബിജുവിനെ ഏൽപ്പിച്ചെങ്കിലും, ഈ തുക പലർക്കും വിതരണം ചെയ്യാതെ ബാങ്കിനെയും ഗുണഭോക്താക്കളെയും സി.പി.എം നേതാവ് വഞ്ചിക്കുകയായിരുന്നു. ക്ഷേമ പെൻഷൻ കാലാവധിക്ക് ശേഷവും ലഭിക്കാതെ വന്ന വൃദ്ധൻ ബാങ്കിൽ നേരിട്ടെത്തി പരാതി പറഞ്ഞപ്പോഴാണ് സംഭവം പുറത്തായത്. ഇയാളുടെ പേരിൽ കള്ള ഒപ്പിട്ട് തുക കൈപ്പറ്റുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പലരുടെയും പേരിൽ വ്യാജ ഒപ്പിട്ട് പണം അടിച്ചു മാറ്റിയതായി ബാങ്ക് അധികൃതർ കണ്ടെത്തുകയായിരുന്നു.ഇത്തരത്തിൽ നിരവധി വ്യാജ രേഖകൾ ബിജു നിർമ്മിച്ചതായി ബാങ്കിന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് പരാതി നൽകിയതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
ക്ഷേമ പെൻഷൻ വ്യാജ ഒപ്പിട്ട് ഗുണഭോക്താക്കൾക്ക് നൽകാത സംഭവത്തെക്കുറിച്ച് പാർട്ടി നേതൃത്വത്തിനും നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഏരിയാ കമ്മറ്റിയംഗങ്ങളായ വാഴയിൽ വാസു, കെ.പി പ്രഹീദ് എന്നിവരെ അന്വേഷണ കമ്മീഷനായി ഏരിയാ കമ്മറ്റി നിയോഗിക്കുകയും, അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഇതിൽ ഗുണഭോക്താക്കളും മറ്റും ബിജുവിനെതിരെ പരാതിപ്പെട്ടിരുന്നു. ഇവരുടെ റിപ്പോർട്ട് ലഭിച്ചതോടെയാണ് ബാങ്കിനെ ഇയാൾ വഞ്ചിക്കുകയായിരുന്നെന്ന് മനസിലായത്. തുടർന്നാണ് തലശ്ശേരി പോലീസിൽ പരാതി നൽകിയത്.
ഗുരുതരമായ ആരോപണം നേരിട്ടതോടെ ബിജുവിനെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തതായാണ് വിവരം. ബിജുവിനെ സസ്‌പെന്റ് ചെയ്യാനുള്ള തീരുമാനം ലോക്കൽ കമ്മറ്റിയിൽ ഉയർന്നപ്പോൾ ഭൂരിഭാഗം പേരും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. സി.പി.എം പളളിത്താഴെ ബ്രാഞ്ച് സെക്രട്ടറിയായ നവാസിനെയാണ് താൻ പെൻഷൻ വിതരണം ചെയ്യാൻ ഏർപ്പാടാക്കിയതെന്നും ഇയാളാണ് പെൻഷൻ തുക തട്ടിയെടുത്തെന്നും ബിജു നേരത്തെ അന്വേഷണ കമ്മിഷന് മുമ്പാകെ മൊഴി നൽകിയിരുന്നു