കയ്യൂർ: കാൽനട യാത്ര പോലും ദുസഹമായി കയ്യൂർ-ചീമേനി റോഡ്. കയ്യൂർ ഗവർമ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ മുതൽ ചീമേനി ടൗൺ വരെയാണ് റോഡ് പൊട്ടിപൊളിഞ്ഞ് യാത്ര ദുസ്സഹമായത്.
റോഡിന്റെ ഭൂരിഭാഗവും പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും പ്രത്യക്ഷപ്പെട്ടിരിക്കയാണ്. മഴ തുടങ്ങിയതോടെ കുഴിയിൽ വെള്ളം കെട്ടി നിന്ന് കാൽനടയാത്രയും ദുസഹമായിരിക്കയാണ്. മഴ വരുന്നതിനുമുമ്പ് ഇരുചക്ര മുച്ചക്ര വാഹനങ്ങൾ ചെറിയൊരു അഭ്യാസം കളിച്ച് യാത്ര ചെയ്തിരുന്നുവെങ്കിൽ മഴ വന്നതോടെ അതിനും പറ്റാത്ത അവസ്ഥയാണ്.
കയ്യൂർ, കൂക്കോട്ട്, ക്ലായിക്കോട് ഭാഗങ്ങളിലുള്ളവർക്ക് പഞ്ചായത്ത് ഓഫീസ്, എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലേക്ക് ദിവസവും പോയി വരേണ്ട റോഡാണിത്. കൂടാതെ ഇന്ത്യയിൽ തന്നെ ഏറ്റവും നല്ല ആശുപത്രിയായി തിരഞ്ഞെടുത്ത കയ്യൂർ ആശുപത്രിയിലേക്ക് അന്യ പഞ്ചായത്തുകളിൽ നിന്നും രോഗികൾ വരുന്നുണ്ട്. എന്നാൽ രോഗികൾക്ക് യാത്രചെയ്യാൻ നല്ല റോഡില്ല. നീലേശ്വരത്തു നിന്നും ചെറുവത്തൂരിൽ നിന്നും ചീമേനിയിലേക്ക് കയ്യൂർ വഴി നിരവധി ബസുകളും സർവീസ് നടത്തുന്നുണ്ട്.
ജില്ല പഞ്ചായത്തിന്റെ അധീനതയിലാണ് കയ്യൂർ - ചീമേനി റോഡ്. റോഡിന്റെ ശോച്യാവസ്ഥ ജില്ല പഞ്ചായത്ത് അംഗം ജോസ് പതാലിൽ നിരവധി തവണ കൗൺസിൽ യോഗത്തിൽ ഉന്നയിച്ചിരുന്നുവെങ്കിലും ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ അനുകൂലമായ നടപടി കൈക്കൊള്ളുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഇനിയും റോഡ് അറ്റകുറ്റപ്പണി ചെയ്യാൻ തയ്യാറാവുന്നില്ലെങ്കിൽ സമരരംഗത്തിറങ്ങാൻ ഒരുങ്ങുകയാണ് നാട്ടുകാർ.