കണ്ണൂർ: പശ്ചിമ ബംഗാളിൽ ഡോക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് ഐ .എം .എ ആഹ്വാനം ചെയ്ത സമരത്തിൽ രോഗികൾ വലഞ്ഞു.ഗവ ആശുപത്രികളിൽ രാവിലെ ഒരു മണിക്കൂർ ഡോക്ടർമാർ ഒ പി ബഹിഷ്‌കരിച്ചു.കെ ..ജി ..എം.. ഒ ..എ സമരത്തിൽ പങ്കെടുത്തു. കണ്ണൂർ ജില്ല ആശുപത്രിയിൽ രാവിലെ 10 മണി വരെ ഡോക്ടർമാർ ഒ.. പി ബഹിഷ്‌ക്കരിച്ചു. അത്യാഹിത വിഭാഗം സാധാരണ പോലെ പ്രവർത്തിച്ചു. രോഗികളെ ബാധിക്കാത്ത വിധമാണ് സമരം നടത്തിയതെന്ന് ഡോ.സി.അജിത്ത് കുമാർ പറഞ്ഞു.

ഡോക്ടർമാർ ആശുപത്രികൾക്ക് മുന്നിൽ ധർണയും നടത്തി. ഡോ. ഒ .ടി .രാജേഷ്, ഡോ.സി.പി.ബിജോയ്, ഡോ. അഭിലാഷ് എന്നിവർ നേതൃത്വം നൽകി.

കെ. എസ്.യു മാർച്ചിൽ സംഘർഷം

കണ്ണൂർ: ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിനെതിരെ കെ.എസ്.യു ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച സമരക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞു. പൊലീസ് വെള്ളം ചീറ്റി പ്രവർത്തകരെ സംഘർഷ സ്ഥലത്ത് നിന്നും മാറ്റാൻ ശ്രമിച്ചെങ്കിലും കൂടുതൽ പ്രകോപിതരാവുകയായിരുന്നു.നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ നീക്കി. വെള്ളം ചീറ്റിയതോടെ പൊലീസ് വാഹനത്തിന് നേരെ തിരിഞ്ഞ പ്രവർത്തകരെ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി അബ്ദുൾ റഷീദ് അനുനയിപ്പിച്ച് മാറ്റുകയായിരുന്നു. തുടർന്നും കല്ലെറിയുകയും കുത്തിയിരിന്ന് പ്രതിഷേധിക്കുകയും ചെയ്ത പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കൾ ഏറെ പ്രയാസപ്പെട്ടു.