കാസർകോട്: വില്പനയിൽ നിയന്ത്രണമുള്ള രാസവളങ്ങളും കീടനാശിനികളും പിൻവാതിലിലൂടെ കൃഷിയിടങ്ങളിൽ നേരിട്ടെത്തിക്കുന്ന ഏജന്റുമാർ ജില്ലയിൽ സജീവം. സമ്പൂർണ ജൈവ ജില്ല എന്ന ആശയം നടപ്പാക്കുന്നതിനായി ജില്ലയിൽ ചിലയിനം രാസവളങ്ങളുടെയും കീടനാശിനികളുടെയും വില്പനയിൽ കൊണ്ടുവന്ന നിരോധനവും നിയന്ത്രണങ്ങളുമാണ് ഏജന്റുമാർ മുതലെടുക്കുന്നത്.
മഴക്കാലത്ത് കവുങ്ങുകളെ ബാധിക്കുന്ന മഹാളി രോഗത്തെ ചെറുക്കുന്നതിനായി ബയോഫൈറ്റ്, ബയോക്യൂർ തുടങ്ങിയ പേരുകളിലുള്ള കുമിൾനാശിനികൾ മലയോരപ്രദേശങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കർണാടകയിൽ നിന്ന് എത്തിക്കുന്ന ഈ മരുന്നുകളിലെ ഘടകങ്ങൾ എന്തൊക്കെയാണെന്നു പോലും പായ്ക്കറ്റിൽ രേഖപ്പെടുത്തിയിട്ടില്ല. മഹാളിരോഗത്തെ പ്രതിരോധിക്കുന്നതിനായി അകോമിൻ എന്ന പേരിൽ അറിയപ്പെടുന്ന പൊട്ടാസ്യം ഫോസ്ഫണേറ്റാണ് സാധാരണയായി കർഷകർ ഉപയോഗിച്ചിരുന്നത്. ഇതിന്റെ വിപണനത്തിൽ ഇപ്പോഴും നിയന്ത്രണമൊന്നും ഉണ്ടായിട്ടില്ല.

ലിറ്ററിന് 400 - 450 രൂപ മാത്രം വിലവരുന്ന അകോമിന് പകരം ഏജന്റുമാർ എത്തിക്കുന്ന പുതിയ കുമിൾനാശിനികൾക്ക് 700 മുതൽ 750 രൂപ വരെയാണ് ഈടാക്കുന്നത്. തൈകളുടെ വളർച്ചയ്ക്കാവശ്യമായ ചേരുവകൾ കൂടി ഈ മരുന്നുകളിൽ അടങ്ങിയിട്ടുണ്ടെന്നാണ് പ്രചരിപ്പിക്കുന്നത്. മഹാളിരോഗത്തെ ചെറുക്കുന്നതിനായി ഒരു ശതമാനം ബോർഡോ മിശ്രിതമോ 15 മില്ലി അകോമിൻ ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയതോ തളിച്ചാൽ മാത്രം മതിയാകുമെന്ന് കാർഷികമേഖലയിലെ വിദഗ്ദ്ധർ പറയുന്നു.
സസ്യവളർച്ചയ്ക്കും രോഗപ്രതിരോധത്തിനും ആവശ്യമായ എല്ലാ ഘടകങ്ങളുമടങ്ങിയ ടോണിക് എന്ന പേരിലും വളങ്ങൾ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ വില്പനയ്ക്ക് നിരോധനമുള്ള 1818 പോലുള്ള രാസവളങ്ങൾക്ക് പകരമായി ഉപയോഗിക്കാമെന്നാണ് പ്രചാരണം. പുറമേയ്ക്ക് ജൈവവളമെന്ന് അവകാശപ്പെടുമ്പോഴും ഇവയിലെ യഥാർത്ഥ ചേരുവകൾ അംഗീകാരമില്ലാത്ത രാസഘടകങ്ങളാണെന്നാണ് പരിശോധനയിൽ തെളിഞ്ഞിട്ടുള്ളത്.

മൊഗ്രാൽ കൊപ്പളം റെയിൽ അണ്ടർ ബ്രിഡ്ജ്

നിർമ്മാണം ത്വരിതപ്പെടുത്തും
കാസർകോട്: മൊഗ്രാൽ കൊപ്പളം റെയിൽ അണ്ടർ ബ്രിഡ്ജ് നിർമ്മാണത്തിനായി മുഴുവൻ ഫണ്ടും റെയിൽവേക്ക് അടച്ച് നിർമ്മാണ പ്രവൃത്തി ത്വരിതപ്പെടുത്താൻ നടപടിയായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ അറിയിച്ചു. കുമ്പള ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണിത്.

കാസർകോട് വികസന പാക്കേജിൽ കഴിഞ്ഞവർഷം 2.16 കോടി രൂപ റെയിൽവേക്ക് അടച്ചിരുന്നു. എന്നാൽ എസ്റ്റിമേറ്റ് നിരക്കിൽ മാറ്റം വന്നതിനെ തുടർന്ന്, 75 ലക്ഷം രൂപ വീണ്ടും അടയ്ക്കാൻ റെയിൽവേ നിർദ്ദേശം നൽകുകയായിരുന്നു.

മൊഗ്രാൽ ഗവൺമെന്റ് യൂനാനി ആശുപത്രിക്ക് പുതിയ കെട്ടിട സൗകര്യമൊരുക്കാൻ 50 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായും എ.ജി.സി ബഷീർ അറിയിച്ചു. ഉളുവാർ, മൊഗ്രാൽ, ആരിക്കാടി, പേരാൽ ചെറുകിട കുടിവെള്ള പദ്ധതികൾക്കായി 1.37 കോടിയുടെ ഭരണാനുമതിയും മൊഗ്രാൽ പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് അസംബ്ലി ഹാളും ക്ലാസ് മുറികളും നിർമ്മിക്കുന്നതിനായി 54 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചതായി കുമ്പള ഡിവിഷൻ മെമ്പർ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.