കാസർകോട്: കാസർകോട് ജില്ലയിലെ വിദ്യാലയങ്ങളിൽ കഴിഞ്ഞവർഷത്തേക്കാൾ 4017 കുട്ടികൾ ഇത്തവണ വർദ്ധിച്ചു. ഇതിൽ 2408 പേർ സർക്കാർ സ്‌കൂളിലാണ്. അൺഎയ്ഡഡ് മേഖലയിൽ 764 കുട്ടികളുടെ കുറവാണുള്ളത്.

ഇത്തവണ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നത് 1,58,322 വിദ്യാർഥികളാണ്. ഇതിൽ 89,470 കുട്ടികളും സർക്കാർ സ്‌കൂളിലാണ്. അൺഎയ്ഡഡ് മേഖലയിൽ കഴിഞ്ഞവർഷം 25,424 പേരുണ്ടായിരുന്നത് 24,660 കുട്ടികളിലേക്ക് ചുരുങ്ങി. അൺഎയ്ഡഡ് മേഖലയെ കൈവിട്ട് പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ പറഞ്ഞയക്കാൻ രക്ഷിതാക്കൾ മുന്നോട്ടുവരുന്ന പ്രവണത കൂടിവരികയാണ്.

എൽ.പി, യു.പി സ്‌കൂളുകളിലായി കാസർകോട് ഉപജില്ലയിൽ 15,295 കുട്ടികൾ പൊതുവിദ്യാലയത്തിലും 3016 പേർ അൺഎയ്ഡഡ് സ്‌കൂളുകളിലും പ്രവേശനം നേടി. 252 കുട്ടികളാണ് ബേക്കൽ ഉപജില്ലയിൽ പൊതുവിദ്യാലയങ്ങളിൽ വർധിച്ചത്. അൺഎയ്ഡഡ് മേഖലയിൽ 93 കുട്ടികളുടെ കുറവുമുണ്ടായി. 7441 കുട്ടികൾ പൊതുവിദ്യാലയത്തിലും 1278 പേർ അൺഎയ്ഡഡ് സ്‌കൂളുകളിലുമെത്തി.

ഹൊസ്ദുർഗിൽ പൊതുവിദ്യാലയത്തിലേക്ക് 7333 കുട്ടികളും അൺഎയ്ഡഡ് സ്‌കൂളുകളിൽ 1137 കുട്ടികളുമാണെത്തിയത്. ചെറുവത്തൂരിൽ പൊതുവിദ്യാലയങ്ങളിൽ 463 കുട്ടികൾ വർധിച്ചപ്പോൾ അൺഎയ്ഡഡ് മേഖലയിൽ 132 കുട്ടികളുടെ കുറവുണ്ടായി. 9869 കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയപ്പോൾ 763 പേർ മാത്രമാണ് അൺഎയ്ഡഡ് സ്‌കൂളുകളിലെത്തിയത്. ചിറ്റാരിക്കാൽ ഉപജില്ലയിലാകട്ടെ കഴിഞ്ഞവർഷത്തേക്കാൾ 48 കുട്ടികളുടെ കുറവാണുള്ളത്. 5199 പേർ പൊതുവിദ്യാലയങ്ങളിലെത്തിയപ്പോൾ 411 പേർ മാത്രമാണ് അൺഎയ്ഡഡ് സ്‌കൂളുകളെ ആശ്രയിച്ചത്. കുമ്പള ഉപജില്ലയിൽ 310 കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽ വർധിച്ചത്. അൺഎയ്ഡഡ് മേഖലയിൽ 12 കുട്ടികളുടെ കുറവുമുണ്ടായി. 11956 കുട്ടികൾ പൊതുവിദ്യാലയങ്ങളിലെത്തിയപ്പോൾ വെറും 348 കുട്ടികളാണ് അൺഎയ്ഡഡ് സ്‌കൂളുകൾ തിരഞ്ഞെടുത്തത്. അൺഎയ്ഡഡ് മേഖലയിൽ കുട്ടികൾ വർധിച്ചത് മഞ്ചേശ്വരം ഉപജില്ലയിൽ മാത്രമാണ്. കഴിഞ്ഞവർഷത്തേക്കാൾ 505 കുട്ടികളാണ് കൂടുതലായെത്തിയത്. പൊതുവിദ്യാലയങ്ങളിലും കുട്ടികളുടെ വർധനയുണ്ട്. 354 കുട്ടികളാണ് ഇത്തവണ കൂടുതലായെത്തിയത്. 10343 കുട്ടികൾ പൊതുവിദ്യാലയത്തിലും 1481 പേർ അൺഎയ്ഡഡ് സ്‌കൂളുകളിലുമെത്തി.

പൊതുവിദ്യാലയങ്ങളിൽ സ്‌കൂൾ തുറക്കും മുമ്പേ പാഠപുസ്തകവും യൂണിഫോമും കുട്ടികൾക്കായി സർക്കാർ എത്തിച്ചിരുന്നു. സ്‌കൂൾ തുറന്നതുമുതൽ വ്യത്യസ്തമായ കറിക്കൂട്ടുകളൊരുക്കിയുള്ള ഉച്ചഭക്ഷണവും കുട്ടികൾക്ക് നൽകി വരുന്നുണ്ട്.