കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം സർക്കാർ കൊള്ളയടിക്കുന്നുവെന്നാരോപിച്ച് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷബഹളം. 2019-20 ലെ വാർഷിക പദ്ധതി സ്പിൽ ഓവർ പ്രോജക്ടുകൾ കൂടി ഉൾപ്പെടുത്തി പരിഷ്‌കരിക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവ് ഇന്നലെ കൗൺസിൽ യോഗത്തിൽ ചർച്ചക്കെത്തിയപ്പോഴാണ് പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.പദ്ധതിവിഹിതം കൊള്ളയടിക്കുന്ന പിണറായി സർക്കാർ രാജിവെക്കുക എന്ന മുദ്രാവാക്യമുള്ള ബാനർ ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. അംഗങ്ങളുടെ പ്രതിഷേധ മുദ്രാവാക്യത്തിനിടയിൽ മേയർ ബാക്കിയുള്ള അജൻഡകൾ വായിച്ച് തീർത്ത് കൗൺസിൽ യോഗം അവസാനിപ്പിച്ച് ചേമ്പറിലേക്ക് പോയി.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച ഫണ്ടിൽ നിന്നും നടപ്പ് വർഷത്തെ പദ്ധതി വിഹിതത്തിനായി ഉപയോഗിക്കണമെന്ന സർക്കാർ നിർദ്ദേശം അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതി അട്ടിമറിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ടി. ഒ. മോഹനൻ പറഞ്ഞു.
ഉദ്യോഗസ്ഥർക്കെതിരെ ഡപ്യൂട്ടി മേയർ:
ഇല്ലാത്ത ഉത്തരവ് ഉണ്ടെന്ന് കാണിച്ച് വീട് നിർമ്മാണത്തിനും കെട്ടിട നിർമ്മാണത്തിനും അനുമതി നിഷേധിക്കുന്ന ഉദ്യോഗസ്ഥ നിലപാടിനെതിരെ ഡപ്യൂട്ടി മേയർ തന്നെ രംഗത്ത് വന്നത് ഏറെ ബഹളത്തിനിടയാക്കി. കോർപ്പറേഷൻ പരിധിയിലുള്ളവർ വീട് നിർമ്മിക്കുന്നതിന് അപേക്ഷ സമർപ്പിച്ചാൽ പെർമിറ്റ് ലഭിക്കാത്തത് കാരണം വീട് നിർമ്മിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. കോർപ്പറേഷനിൽ തന്നെ എണ്ണൂറോളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. നിലവിൽ സങ്കേതം എന്ന സോഫ്റ്റ് വെയറിലാണ് ബിൽഡിംഗ് പെർമ്മിറ്റിന്റെ നടപടിക്രമങ്ങളുണ്ടായത്. അത് മാറ്റി ഇപ്പോൾ ഐ.. ബി ..എം ..എസ് എന്ന സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്. ഈ സോഫ്റ്റ് വെയറിൽ പരിജ്ഞാനമില്ലാത്തത് കാരണം പെർമിറ്റുമായി ബന്ധപ്പെട്ടവർക്കുകളൊന്നും പൂർത്തിയാക്കാൻ സാധിക്കുന്നില്ലെന്ന് പ്രതിപക്ഷവും ഭരണപക്ഷവും പറഞ്ഞു.
മേയർക്ക് സർക്കാരിൽ നിന്ന് സോഫ്റ്റ്‌വെയർ സംബന്ധിച്ചുള്ള ഒരു സർക്കുലർ വന്നിട്ട് മാസങ്ങളായി എന്നാൽ ഈ സർക്കുലർ സംബന്ധിച്ചുള്ള ഉത്തരവ് ഡപ്യൂട്ടി മേയറാണ് പുറത്ത് കൊണ്ട് വന്നത്. ഡപ്യൂട്ടി മേയർ സർക്കുലർ വായിച്ചതോടെ പ്രതിപക്ഷം ഒന്നടങ്കംരംഗത്തിറങ്ങി. മേയർക്ക് ഇംഗ്ലീഷിലുള്ള കത്ത് വായിക്കാനറിയില്ലേ എന്തിനാണ് കത്ത് പൂഴ്ത്തിവെച്ചതെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ടി ഒ മോഹനൻ ചോദിച്ചു.എല്ലാം ഉദ്യോഗസ്ഥൻമാരുടെ തലയിലിട്ട് ഭരണപക്ഷം തങ്ങളുടെ കഴിവ് കേട് മറച്ച് വെക്കാനാണ് ശ്രമിക്കുന്നതെന്ന് സി.സമീർ പറഞ്ഞു.
അജൻഡകളിൽ തീരുമാനമെടുക്കുന്നതിൽ അലംഭാവമെന്ന്:
കൗൺസിൽ പാസാക്കുന്ന അജൻഡകളിൽ തീരുമാനമെടുക്കുന്ന കാര്യത്തിലും ഗുരുതരവീഴ്ചയാണുള്ളതെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.
യോഗത്തിൽ സുമാബാലകൃഷ്ണൻ, രഞ്ചിത്ത് താളിക്കാവ്, പ്രകാശൻ , ധനേഷ് ബാബു, എം പി മുഹമ്മദലി, കെ പി എ സലീം, സി എറമുള്ളാൻ, എം ഷഫീഖ്, സി സീനത്ത്, വെള്ളോറ രാജൻ, സി രവീന്ദ്രൻ, ഭാസ്‌കരൻ, സഹദേവൻ തൈക്കണ്ടി മുരളി, ബാലകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. മേയർ ഇ പി ലത അധ്യക്ഷതവഹിച്ചു.