തലശ്ശേരി: സമസ്ത കലകളിലും അവഗാഹമായ പണ്ഡിത്യവുംചരിത്രത്തിലും പ്രഭാഷണകലയിലും അനിതരസാധാരണമായ സിദ്ധിവൈഭവവുമുള്ള കെ.കെ.മാരാർക്ക് തലശ്ശേരിയുടെ സ്‌നേഹാദരം.
കേരളീയ നാടൻ കലകളിൽ ആഴത്തിലുള്ള അറിവുംചിത്ര ശിൽപ്പകലകളുടെ പ്രയോക്താവുമായ കെ.കെ.മാരാരുടെ ജീവിതം കലകൾക്കായി സമർപ്പിക്കപ്പെട്ടതാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു.
പടിയിറങ്ങി പോകുന്ന പല നാടൻ കലകളേയും, കാലത്തിലേക്ക് നിറം മങ്ങിപ്പോകുന്ന അപൂർവവും അമൂല്യവുമായ ചുമർചിത്രങ്ങളേയും പുനർജനിയേകാനും സംരക്ഷിക്കാനും മാരാർ മാഷ് നടത്തിയ പ്രവർത്തനങ്ങൾ മറക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു
കേരള സ്‌കൂൾ ഒഫ് ആർട്‌സിന്റ ആഭിമുഖ്യത്തിൽ മഞ്ഞോടി ലിബർട്ടി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആദര ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ലളിതകലാ അക്കാദിയുടെ ഫെല്ലോഷിപ്പ് നേടിയ മാരാർ മാഷിന് മന്ത്രി പൊന്നാട അണിയിച്ച് ഉപഹാരം നൽകി.
അഡ്വ: എ.എൻ.ഷംസീർ എം എൽ .എ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ.പി.മോഹനൻ, ചിത്രകാരൻ സെൽവൻ മേലൂർ, പി.സി.വിജയരാജൻ, കെ.ബാലകൃഷ്ണൻ, സംവിധായകൻ പ്രദീപ് ചൊക്ലി ,നടൻ സുശീൽ കുമാർ തിരുവങ്ങാട്,ചിത്രകാരൻമാരായ സുരേഷ് കൂത്തുപറമ്പ് ,കെ.എം.ശിവ കൃഷ്ണൻ, ഹരീന്ദ്രൻ ചാലാട്, എ.വി.വേണുഗോപാൽ, കെ.പി.മുരളീധരൻ പ്രസംഗിച്ചു.
നഗരസഭാ ചെയർമാൻ സി.കെ.രമേശൻ, ലളിതകലാ അക്കാദമി സിക്രട്ടരി പൊന്ന്യം ചന്ദ്രൻ എന്നിവർ പങ്കെടുത്തു. മാരാർ മാഷിന്റെ ശിഷ്യരും സുഹൃത്തുക്കളുമായി നൂറുകണക്കിന് കലാ സാംസ്‌കാരിക പ്രവർത്തകർ ഓഡിറ്റോറിയത്തിൽ നിറഞ്ഞു.

ലളിതകലാ അക്കാദമി ഫെലോഷിപ്പ് നേടിയ ചിത്രകാരൻ കെ കെ.മാരാർക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉപഹാരം നൽകുന്നു.