ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ അരിച്ചെടുത്ത് രക്തം ശുദ്ധീകരിക്കുന്ന അവയവങ്ങളാണ് വൃക്കകൾ. പ്രായം കൂടുമ്പോൾ വൃക്കകളുടെ പ്രവർത്തനം കുറഞ്ഞുവരും. രണ്ട് വൃക്കകളിൽ ഒന്നിന്റെ പ്രവർത്തനം നിലച്ചാലും മറ്റൊന്ന് നമ്മുടെ സഹായത്തിനുണ്ടാകും. എന്നാൽ വൃക്കകളുടെ പ്രവർത്തനം കുറഞ്ഞാൽ പഴയ രീതിയിൽ വീണ്ടെടുക്കാൻ പ്രയാസമായിരിക്കും. അതുകൊണ്ട് തന്നെ ഇവയുടെ സംരക്ഷണം ഗൗരവമേറിയ കാര്യമാണ്. മുൻകരുതലും ചിട്ടയായ ജീവിതവും വ്യായാമവും ഉണ്ടെങ്കിൽ വൃക്കരോഗങ്ങളെ ഒരു പരിധിവരെ അകറ്റിനിർത്താം.
പുതിയകാലത്തെ തെറ്റായ ഭക്ഷണരീതികളും ജീവിതശൈലികളും വൃക്കരോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു. ചില മരുന്നുകളുടെ അമിതോപയോഗം, പ്രമേഹം തുടങ്ങിയവയും വൃക്കകൾക്ക് ദോഷമാകും. വിരുദ്ധാഹാരം, ഭക്ഷണം ദഹിക്കാതിരിക്കുക, വിഷാംശം അടങ്ങിയ ഭക്ഷണം ഉപയോഗിക്കുക, മൂത്രം ഏറേനേരം പിടിച്ചുനിർത്തുക, കൂടെകൂടെ ബലം പ്രയോഗിച്ച് മൂത്രം ഒഴിക്കുക ഇതൊക്കെ വൃക്കരോഗങ്ങളിലേക്ക് നമ്മെ നയിക്കുന്നു.
വെള്ളം വളരെ കുറച്ച് മാത്രം കുടിക്കുന്നത്, മധുരത്തിന്റെ അമിതോപയോഗം, തക്കാളി ജ്യൂസ്, കാരറ്റ് ജ്യൂസ്, സോഡ, സോസ്, ജങ്ക് ഫുഡ് തുടങ്ങിയവയുടെ അമിതോപയോഗത്താലും ശരീരത്തിൽ കൂടുതൽ മാലിന്യങ്ങളുണ്ടാകും.
കാലാവസ്ഥയ്ക്കനുസരിച്ചുള്ള ഭക്ഷണപാനീയങ്ങളുടെ ഉപയോഗം ശ്രദ്ധിക്കേണ്ടതുണ്ട്. കൊത്തമല്ലി, ചുക്ക് എന്നീ രണ്ട് ഔഷധങ്ങളാണ് പാനചൂർണ്ണങ്ങളായി ഉപയോഗിക്കേണ്ടത്. കൊത്തമല്ലി ഉഷ്ണകാലത്തും ചുക്ക് ശീതകാലത്തും. ശരീരത്തിൽ ജലാംശം കുറയുമ്പോൾ കൂടുതൽ ജലാംശം അടങ്ങിയ വെള്ളരിക്ക, പടവലം, തണ്ണിമത്തൻ തുടങ്ങിയവ ധാരാളമായി കഴിക്കുക. പ്രമേഹം വൃക്കകളുടെ പ്രവർത്തനം പൂർണമായി തകരാറിലാക്കാം.
ഡോ. ഇറിന എസ്. ചന്ദ്രൻ,
പുല്ലായിക്കൊടി ആയുർവേദ,
പൂക്കോത്ത് നട,
തളിപ്പറമ്പ്
ഫോൺ 9544657767