മുംബയ്:സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നൽകി തന്നെ പത്ത് വർഷത്തോളം പീഡിപ്പിച്ചെന്നും പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറിയെന്നും ആ ബന്ധത്തിൽ എട്ട് വയസുള്ള ഒരു മകൻ ഉണ്ടെന്നും ആരോപിച്ച് ദുബായിൽ ബാർ ഡാൻസറായിരുന്ന ബീഹാർ സ്വദേശിയായ 33കാരി നൽകിയ പരാതിയിൽ മുംബയ് പൊലീസ് കേസെടുത്തു.
മുംബയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഈ മാസം 13നാണ് എഫ്. ഐ. ആർ രജിസ്റ്റർ ചെയ്‌തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (മാനഭംഗം), 420 ( വഞ്ചന ), 504 ( ബോധപൂർവം അപമാനിക്കൽ ), 506 (ഭീഷണിപ്പെടുത്തൽ ) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിക്കെതിരെ അന്വേഷണം നടത്തിവരികയാണെന്നും ഇതുവരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ലെന്നും ഓഷിവാര പൊലീസ് ഇൻസ്‌പെക്ടർ ശൈലേഷ് പാസൽവാർ പറഞ്ഞു.
2009 മുതൽ 2018 വരെയാണ് പീഡനം നടന്നത്. പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും വാരിക്കോരി തന്ന് തന്നെ വശത്താക്കി, വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്‌താണ് പീഡിപ്പിച്ചത്. 2018 അവസാനമാണ് ബിനോയ് കോടിയേരി വിവാഹിതനാണെന്നും ഭാര്യയും രണ്ട് കുട്ടികളും കേരളത്തിൽ ഉണ്ടെന്നും മനസിലായതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
ബിനോയിയുടെ പരാതിയിൽ കേസെടുക്കും
അതേസമയം, യുവതിക്കെതിരെ ബിനോയ് കോടിയേരി ഒന്നരമാസം മുൻപ് കണ്ണൂർ റെയ്ഞ്ച് ഐജിക്ക് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തേക്കും. യുവതി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നു എന്നാണ് പരാതി. പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി യുവതി അയച്ച കത്ത് സഹിതമാണു ബിനോയ് പരാതി നൽകിയത്. പരാതി ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. പരാതി കണ്ണൂർ റെയ്ഞ്ച് ഐ.ജി തുടർ നടപടികൾക്കായി കണ്ണൂർ എസ്.പിക്ക് കൈമാറിയിരുന്നു.
യുവതി 5 കോടി ആവശ്യപ്പെട്ടു:ബിനോയ് കോടിയേരി
കണ്ണൂർ:യുവതിയുടെ പീഡന പരാതി ബ്ലാക്ക് മെയിലിംഗാണെന്ന് ബിനോയ് കോടിയേരി പറഞ്ഞു. ആറുമാസം മുമ്പ് ഇവർ അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഞാനവരെ കല്യാണം കഴിച്ചെന്നാണ് കത്തിൽ അവകാശപ്പെട്ടത്. എട്ടുവയസുള്ള കുട്ടിയുണ്ടെന്ന കാര്യത്തിൽ അവരെ താൻ വെല്ലുവിളിച്ചിരുന്നതാണ്. അത് തെളിയിക്കാൻ ശാസ്ത്രീയ മാർഗങ്ങളുണ്ട്.
പാർട്ടിക്ക് ഒന്നും ചെയ്യാനില്ല:ബൃന്ദ കാരാട്ട്
ന്യൂഡൽഹി:ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തിൽ പാർട്ടിക്ക് ഒന്നും ചെയ്യാനില്ല. പരാതി സത്യമാണോ അല്ലയോ എന്ന് ആരോപണ വിധേയനാണ് തെളിയിക്കേണ്ടത്. ആരോപണവും കേസിന്റെ ഭവിഷ്യത്തുകളും വ്യക്തിപരമായി നേരിടണം. കുറ്റക്കാരെ പാർട്ടി സംരക്ഷിക്കില്ല.
''ബിനോയ് കോടിയേരിക്കെതിരായ പരാതിയുടെ വിശദാംശങ്ങൾ അറിയില്ല. വിഷയത്തിൽ പാർട്ടി ഇടപെടില്ല. വ്യക്തിപരമായ കേസായതിനാൽ പാർട്ടിയുമായി ബന്ധപ്പെടുത്തേണ്ടതില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം.''
സീതാറാം യെച്ചൂരി
സി. പി. എം. ജനറൽ സെക്രട്ടറി
പരാതിയിൽ ഉറച്ചു നിൽക്കുന്നു:യുവതി
മുംബയ്:ബിനോയ് കോടിയേരിക്കെതിരായ മാനഭംഗ പരാതിയിൽ ഉറച്ചുനിൽക്കുന്നതായി യുവതി ഒരു ചാനലിനോട് പറഞ്ഞു. തന്റെ പക്കൽ തെളിവുകളുണ്ട്. കേസുമായി മുന്നോട്ടുപോകും. സമൂഹത്തിൽ ഉന്നതനാണെന്ന് അറിഞ്ഞ് തന്നെയാണ് പരാതി നൽകിയത്. അതിൽ പറയുന്നത് വസ്തുനിഷ്ഠമായ കാര്യങ്ങളാണ്. തെളിവുകൾ ഹാജരാക്കാം.