cash

തലശ്ശേരി: വിധവ പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമപെൻഷനുകൾ അപഹരിച്ച സി. പി. എം നേതാവ് ബിജൂവിനെ അറസ്റ്റുചെയ്ത് ജയിലിൽ അടക്കണമെന്ന് യു. ഡി. എഫ് തലശ്ശേരി മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. തലശ്ശേരി നഗരസഭ ചെയർമാന്റെയും സ്ഥലം എം. എൽ. എയുടെയും മൗനം അപലപനീയമാണ്. സി. പി. എം പ്രാദേശിക നേതാക്കൾ ബാങ്ക് ജീവനക്കാരായ സഹകരണ ബാങ്കുകൾ വഴി നടത്തിയ മുഴുവൻ ക്ഷേമ പെൻഷൻ വിതരണവും അർഹരായവരുടെ കൈകളിൽ എത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. സി. പി. എം പാർട്ടി നടത്തിയ ഈ പകൽ കൊള്ളയിലെ വ്യക്തിയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാർട്ടി നേതാക്കൾ ബാങ്ക് ജീവനക്കാരായ സഹകരണ ബാങ്കിൽ നടത്തിയ പെൻഷൻ വിതരണവും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു. ഡി. എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റി 20 ന് വൈകിട്ട് 4ന് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. യോഗത്തിൽ എൻ. മഹമൂദ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ. സി. ടി സജിത്ത് സ്വാഗതം പറഞ്ഞു. സജീവ് മാറോളി, വി. രാധാകൃഷ്ണൻ മാസ്റ്റർ, അഡ്വ. കെ. എ ലത്തീഫ്, വി. എൻ ജയരാജ്, എ. കെ ആബൂട്ടിഹാജി എന്നിവർ സംസാരിച്ചു.