partha
പാർത്ഥ കൺവെൻഷൻ സെന്റർ

തളിപ്പറമ്പ് (കണ്ണൂർ)​: കോടികൾ മുടക്കി നിർമ്മിച്ച ഓഡിറ്റോറിയത്തിനുള്ള അനുമതി നഗരസഭ തടഞ്ഞുവച്ചതിൽ മനംനൊന്ത് പ്രവാസി വ്യവസായി ജീവനൊടുക്കി. ബക്കളം നെല്ലിയോട് പാർത്ഥാ കൺവെൻഷൻ സെന്റർ ഉടമ കണ്ണൂർ കൊറ്റാളി അരയമ്പേത്തെ പാറയിൽ സാജൻ (49) ആണ് വീട്ടിൽ തൂങ്ങി മരിച്ചത്.

ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെ സാജനെ മുറിയിൽ കാണാതിരുന്നപ്പോൾ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. നൈജീരിയയിൽ വർഷങ്ങളായി ജോലി ചെയ്തു സ്വരൂപിച്ച 15 കോടി രൂപ മുടക്കിയാണ് സാജൻ കണ്ണൂർ- തളിപ്പറമ്പ് ദേശീയപാതയിൽ അത്യാധുനിക കൺവെൻഷൻ സെന്റർ പണിതത്. അഞ്ചു വർഷം നീണ്ട പണി കഴിഞ്ഞിട്ട് ഒരു വർഷമായി. തളിപ്പറമ്പ് ആന്തൂർ നഗരസഭ കംപ്ളീഷൻ സർട്ടിഫിക്കറ്റ് നൽകാഞ്ഞതിനാൽ കെട്ടിടത്തിന് നമ്പർ കിട്ടിയില്ല. ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും ഓഡിറ്റോറിയത്തിൽ വച്ച് മൂന്നു വിവാഹങ്ങൾ നടന്നു. പക്ഷേ,​ കെട്ടിട നമ്പർ ഇല്ലാത്തതിനാൽ വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ നഗരസഭ തയ്യാറായില്ല. ഇക്കാരണങ്ങളാൽ മാനസികമായി തകർന്ന നിലയിലായിരുന്നു സാജനെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്റെ ഭാര്യ കൂടിയായ നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ശ്യാമള വ്യക്തിപരമായ വൈരാഗ്യം കാരണം നിയമപരമല്ലാത്ത കാരണങ്ങൾ പറഞ്ഞ് കെട്ടിടം പൊളിച്ചുനീക്കാൻ നോട്ടീസ് നൽകിയെന്നും,​ ശ്യാമളയുടെ മാനസികപീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്നും സാജന്റെ ബന്ധുക്കൾ പറഞ്ഞു.

മന്ത്രി ഇ.പി. ജയരാജനെയും സി.പി.എം ജില്ലാ സെക്രട്ടറിയായിരിക്കെ പി. ജയരാജനെയുംകണ്ട് പരാതിപ്പെട്ടതിനെ തുടർന്ന് അവർ പ്രശ്‌നത്തിൽ ഇടപെട്ടെങ്കിലും പരിഹാരമുണ്ടായില്ല. ആത്മഹത്യയ്‌ക്കു തലേന്നും സാജൻ നഗരസഭാ അധികൃതരെ സമീപിച്ചെങ്കിലും ലൈസൻസ് നൽകാനാവില്ലെന്നായിരുന്നു നിലപാട്. ഭരണപക്ഷ കൗൺസിലർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയും സാജൻ സുഹൃത്തുക്കൾക്ക് കൈമാറിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
കൊറ്റാളിയിലെ പരേതരായ പാറയിൽ ലക്ഷ്മണന്റെയും മൈഥിലിയുടെയും മകനാണ് സാജൻ. ബീനയാണ് ഭാര്യ. മക്കൾ പാർത്ഥിവും അർപ്പിതയും.

പ്ളാനിന് വിരുദ്ധമെന്ന്

പ്ലാനിന് വിരുദ്ധമായാണ് കെട്ടിട നിർമ്മാണം നടന്നതെന്ന് ആന്തൂർ നഗരസഭാ സെക്രട്ടറി പി.കെ. ശ്യാമള പറയുന്നു. പിന്നീട് ജില്ലാ ടൗൺ പ്ലാനിംഗ് ഓഫീസറുടെ നേതൃത്വത്തിൽ നഗരസഭയുമായി ചേർന്ന് സംയുക്ത പരിശോധന നടത്തി അനുമതി നേടി. ഇതിനു സമീപം ഇവരുടെ പാർത്ഥാസ് വില്ലയുമുണ്ട്. നഗരസഭയുടെ എതിർപ്പുകാരണം ഇതിൽ മൂന്നെണ്ണം വിൽക്കാൻ കഴിഞ്ഞിട്ടില്ല.

പരാതി നൽകും
നിഷേധാത്മക നിലപാട് സ്വീകരിച്ച നഗരസഭാ ചെയർ പേഴ്‌സണെതിരെ സാജന്റെ കുടുംബം പൊലീസിൽ പരാതി നൽകും. ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനാണ് നാട്ടുകാരുടെയും തീരുമാനം. ചെയർപേഴ്‌സൺ ഫോൺ ഓഫ് ചെയ്ത് നഗരസഭയിൽ നിന്ന് മാറി നിൽക്കുന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു