കാസർകോട്: കേരളത്തിലെ ആദ്യത്തെ 'ഹൈടെക്' റേഷൻ കട കാണണമെങ്കിൽ മധൂർ പഞ്ചായത്തിലെ ഉളിയത്തടുക്കയിലേക്ക് വരണം. റേഷൻ കട ഹൈടെക് ആയപ്പോൾ വരുമാനവും ഹൈടെക് ആയി. സിവിൽ സപ്ലൈസ് വകുപ്പ് അധികാരികളുടെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കമ്മീഷനായി ലഭിക്കുന്നത് ഉളിയത്തടുക്ക റേഷൻ കട ഉടമ കെ. നമിതയ്ക്കാണ്.

750 കാർഡുടമകളുമായി 2009 ൽ ആരംഭിച്ച എ.ആർ.ഡി 192 നമ്പർ റേഷൻ കട പത്തുവർഷം പിന്നിടുന്നതിന്റെ ഭാഗമായാണ് ഹൈടെക് ആക്കിയത്. റേഷൻ അരിയും ഗോതമ്പും മറ്റും വാങ്ങുന്നതിന് ആളുകൾ പോകാൻ മടിക്കുമ്പോഴും ഈ കടയിൽ ആളൊഴിഞ്ഞ നേരമില്ല. മാസംതോറും 2000 കാർഡുടമകൾക്കായി 350 ക്വിന്റൽ സാധനം ഇവിടെ നിന്ന് ഗുണഭോക്താക്കൾക്ക് വില്പന നടത്തുന്നുണ്ട്. ഇതു സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതലാണ്. കഴിഞ്ഞ നാലു മാസമായി 60000 രൂപ കമ്മീഷൻ വരുമാനം നേടാൻ കഴിഞ്ഞു എന്നതാണ് സവിശേഷത.

ഹൈടെക് ആക്കുന്നതിന്റെ മുന്നോടിയായി ഉളിയത്തടുക്ക ചൗക്കി റോഡരികിൽ ഉളിയത്തടുക്ക ടൗണിൽനിന്നും 200 മീറ്റർ മാറി പുതിയ വാടക കെട്ടിടത്തിലേക്ക് കട മാറ്റിയത് അടുത്തകാലത്താണ്. മെച്ചപ്പെട്ട സേവനം ആയതിനാൽ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 500 ഓളം ആളുകൾ സ്ഥിരമായി റേഷൻ വാങ്ങിക്കാൻ എത്തുന്നു. കടയിൽ എത്തുന്നവർക്ക് ടോയ്‌ലറ്റ്, കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കെ നമിതയുടെ പേരിലാണ് കട. നടത്തിപ്പുകാരനായ മന്നിപ്പാടി സന്ധ്യാലയത്തിലെ കെ. ഉമേഷ് ഉൾപ്പെടെ മൂന്ന് ജീവനക്കാർ ഇവിടെയുണ്ട്. ഇവർക്ക് പതിനായിരം രൂപ വീതം ശമ്പളവും നൽകുന്നു. റേഷൻ പോർട്ടബിലിറ്റി സമ്പ്രദായവും ഇ പോസ് മെഷീനും വന്നതോടെ വിദൂരസ്ഥലത്തുനിന്നും ആളുകൾ ഇവിടെയെത്തുന്നു. തിരക്ക് കൂടുമ്പോൾ സമയം നോക്കാതെ എല്ലാവർക്കും സാധനം കൊടുക്കാറുണ്ടെന്ന് ജീവനക്കാർ പറയുന്നു.

സിവിൽ സപ്ലൈസ് വകുപ്പ് വാതിൽപടി സേവനം ആരംഭിച്ചതോടെ ഭക്ഷ്യധാന്യങ്ങളുടെ അളവിലും തൂക്കത്തിലുമുണ്ടായിരുന്ന പരാതി ഇല്ലാതായി. ഇ പോസ് സംവിധാനം ആരംഭിച്ചതോടെ കാർഡുടമകൾക്ക് അർഹതപ്പെട്ട റേഷൻ വിഹിതം ഉറപ്പാക്കാനും സാധിച്ചു

റേഷൻ കട ഉടമ കെ. നമിത

അധിക നേരം കാത്തുനിൽക്കേണ്ട

വന്നാലുടൻ സാധനങ്ങൾ വാങ്ങി മടങ്ങാം

ജീവനക്കാരുടെ സൗമ്യമായ പെരുമാറ്റം

അളവിലും തൂക്കത്തിലും കിറു കൃത്യം

ഏതു സമയത്തും എല്ലാം സ്റ്റോക്ക്

മാസത്തിൽ കമ്മീഷനായി ലഭിക്കുന്നത് 60,000 രൂപ

കടയിൽ പ്രതിമാസം ശരാശരി എത്തുന്നത്

എ.എ.വൈ 100,

പ്രയോറിറ്റി (ബി.പി.എൽ) 800

എൻ.പി.എസ് (സബ്‌സിഡി) 750,

എൻ.പി.എൻ.എസ് (എ.പി.എൽ) 500

പടം ഉളിയത്തടുക്കയിലെ ഹൈടെക് റേഷൻ കടയിൽ നിന്ന്.