കൂത്തുപറമ്പ്: കൊടുവള്ളി അഞ്ചരക്കണ്ടി റൂട്ടിലെ കാളിയിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ പൈലിംഗ്് പ്രവർത്തി ആരംഭിച്ചു.
അൻപത് വർഷം മുൻപ് നിർമ്മിച്ച ചേക്കുപാലം അപകടാവസ്ഥയിലായതിനെ തുടർന്നാണ് കാളി പുഴയിൽ സമാന്തരപാലം നിർമ്മിക്കുന്നത്. കൊടുവള്ളി അഞ്ചരക്കണ്ടി മട്ടന്നൂർ എയർപോർട്ട് റോഡ് നാലുവരിപാതയാക്കി മാറ്റുന്നതിന്റെ മുന്നോടിയായാണ് പുതിയ പാലത്തിന്റെ നിർമ്മാണം. 45 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന പാലത്തിന് പതിനൊന്നര മീറ്റർ വീതിയാണുണ്ടാവുക. അതോടൊപ്പം ഇരുഭാഗങ്ങളിലും ഒന്നര മീറ്റർ വീതിയിൽ ഫുട്പാത്തും നിർമ്മിക്കുന്നുണ്ട്.
എരഞ്ഞോളി ഭാഗത്തെ പൈലിംഗ് ജോലിയാണ് ഇപ്പോൾ നടന്നുവരുന്നത്. അതേ സമയം പിണറായി ഭാഗത്തെ നിർമാണ പ്രവൃത്തിക്ക് ഇനിയും അനുമതി ലഭിച്ചിട്ടില്ല. ഈ ഭാഗത്ത് കണ്ടൽകാടുകൾ നിലനിൽക്കുന്നതിനാൽ കേന്ദ്ര പരിസ്ഥിതി സംരക്ഷണ വകുപ്പിന്റെ അനുമതി വൈകുകയാണ്. കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ പാലത്തിന്റെ തറക്കല്ലിട്ടിരുന്നെങ്കിലും അനുമതി ലഭിക്കാതിരുന്നതിനെ തുടർന്ന് നിർമ്മാണം ആരംഭിക്കുന്നത് നീണ്ടുപോവുകയായിരുന്നു. നിലവിലുള്ള പാലത്തിന്റെ അപകടാവസ്ഥ കൂടി വരുന്ന സാഹചര്യത്തിലാണ് ഒരു ഭാഗത്തെ പൈലിംഗ് പ്രവൃത്തി ആരംഭിച്ചിട്ടുള്ളത്. പാലക്കാട് ആസ്ഥാനമായുള്ള പി.ജി. കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമ്മാണ കരാർ ഏറ്റെടുത്തിട്ടുള്ളത്. കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ അനുമതി കൂടി ലഭിച്ചാൽ ഏതാനും മാസം കൊണ്ട് തന്നെ നിർമ്മാണം പൂർത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കരാറുകാർ.

(ജവീീേ കാളിയിൽ പാലത്തിന് വേണ്ടി, പൈലിംഗ് ആരംഭിച്ചപ്പോൾ )