കേളകം: തിങ്കളാഴ്ച രാത്രി ചെട്ട്യാംപറമ്പ് ടൗണിന് സമീപത്തെ ഗ്രാമീണ വായനശാലയിൽ ടി.വി. കണ്ടുകൊണ്ടിരിക്കുകയായിരുന്ന ആളുകളെ ഒരു സംഘം മർദ്ദിച്ചതായി പരാതി. വായനശാലയിൽ ക്രിക്കറ്റ് കളി കണ്ടു കൊണ്ടിരിക്കുകയായിരുന്ന ആളുകളെ നാലംഗ സംഘം ഇരുമ്പുവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ വഴിക്കുടിയിൽ തങ്കച്ചൻ (54), വിബിൻ പെരുവേലിൽ (30), ജോയിസ് (25) എന്നിവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇവർ സഞ്ചരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. സംഭവത്തെത്തുടർന്ന് ചെട്ട്യാംപറമ്പ് ടൗണിൽ വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധിച്ചു.തുടർന്ന് സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയനുകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.