തൃക്കരിപ്പൂർ: ഇളമ്പച്ചിയിൽ പ്രവർത്തിച്ചുവരുന്ന ഹോമിയോ ആശുപത്രിക്ക് പണിയുന്ന കെട്ടിടിടത്തിന്റെ സ്ഥലം സംബന്ധിച്ച തർക്കം പരിഹരിച്ചു. തൃക്കരിപ്പൂർ പഞ്ചായത്ത് നേരത്തെ കണ്ടെത്തിയ വ്യവസായ കേന്ദ്രത്തിന് സമീപത്തെ 12 സെന്റ് സ്ഥലത്തു തന്നെ ഹോമിയോ ആശുപത്രി കെട്ടിടം പണിയാൻ ധാരണയായി. ഇതാടെ ഒന്നര വർഷത്തോളമായി തുടരുന്ന സ്ഥലം സംബന്ധിച്ച തർക്കത്തിന് പരിഹാരമായി.
ഇന്നലെ പഞ്ചായത്തോഫീസിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനമായത്. ഇതു പ്രകാരം കെട്ടിടം പണി ഉടൻ ആരംഭിക്കും. നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ സ്ഥലപരിമിതിയും കാലപഴക്കവും കാരണമാണ് പുതിയ കെട്ടിടം പണിയാൻ തീരുമാനിച്ചത്.
പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് വി.പി ഫൗസിയ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ. സുകുമാരൻ, സ്ഥിരം സമിതി ചെയർമാൻമാരായ വി.കെ. ബാവ, കെ. റീത്ത, ബ്ലോക് പഞ്ചായത്തംഗം വി. രവി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ അഡ്വ. കെ.കെ. രാജേന്ദ്രൻ, കെ.വി. മുകുന്ദൻ, വി.കെ. ചന്ദ്രൻ, സത്താർ വടക്കുമ്പാട്, ടി.പി. അഹമ്മദ് ഹാജി, വി.ടി. ഷാഹുൽ ഹമീദ് ഹാജ, എം. ഗംഗാധരൻ, ഇ.വി. ദാമോദരർ, എം. രാമചന്ദ്രൻ, കുഞ്ഞികൃഷ്ണൻ, കെ.വി. അമ്പു എന്നിവരും ജനപ്രതിനിധികളും പങ്കെടുത്തു.
കൊതുകു നിർമാർജനം
നർക്കിലക്കാട്: ബളാൽ പഞ്ചായത്തിലെ ആനമഞ്ഞൾ, പുന്നക്കുന്ന് പ്രദേശത്ത് ആരോഗ്യ പ്രവർത്തകരുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ കൊതുക് നിർമ്മാർജന പ്രവർത്തനങ്ങൾ നടത്തി. ഷൈനി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. രാധാമണി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ അജിത് സി. ഫിലിപ്പ്, സുജിത് കുമാർ, ലതീഷി, രഞ്ചിത്ത് ലാൽ, കോമളവല്ലി എന്നിവർ സംസാരിച്ചു.
40 ഓളം പേരടങ്ങുന്ന ടീം വീടുകൾ സന്ദർശിച്ചു ബോധവൽകരണം, തെർമൽ ഫോഗിംഗ് തുടങ്ങിയവ നടത്തി. കൊതുക് നശീകരണ പ്രവർത്തനം നടത്താത്ത 10 ഓളം തോട്ടമുടമകൾക്ക് നിയമപരമായ നോട്ടീസ് നൽകി.
ഡോക്ടർമാർക്കെതിരെ
നടപടിയെടുക്കണം: പി. കരുണാകരൻ
കാസർകോട്: ജനറൽ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗികളോട് കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ ആവശ്യപ്പെട്ടു. എല്ലാ നിലയ്ക്കും രാജ്യത്തിനാകെ മാതൃകയായ കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് കളങ്കമുണ്ടാക്കുന്നതാണ് ചില ഡോക്ടർമാർ ചെയ്ത ദൗർഭാഗ്യകരമായ കാര്യങ്ങൾ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.