തലശ്ശേരി: സി.ഒ.ടി.നസീറിനെ ആക്രമിച്ചതിന്റെ പിന്നിൽ സി.പി.എം അല്ലെന്നും കടന്നാക്രമിക്കുകയെന്നത് പാർട്ടിയുടെ നയമല്ലെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സി.പി.എം ഏരിയാ കമ്മിറ്റി പഴയ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആക്രമിച്ചവരുടെ കൂട്ടത്തിൽ സി.പി.എമ്മുമായി ബന്ധമുള്ളവരുമുണ്ടായേക്കാം. ഉണ്ടെങ്കിൽ അവരെ പാർട്ടിയിൽ വച്ച് പൊറുപ്പിക്കില്ല. സ്വതന്ത്രമായ അന്വേഷണത്തിലൂടെ പൊലീസ് കണ്ടെത്തുന്ന പ്രതികളെ പാർട്ടി ഒരുതരത്തിലും സംരക്ഷിക്കില്ല.
കോടിയേരി ബാലകൃഷ്ണന്റെ മകന്റെ പ്രശ്‌നത്തിൽ പാർട്ടിക്ക് ഒന്നും മറച്ചുവയ്ക്കാനില്ല. വ്യക്തിപരമായ പ്രശ്‌നങ്ങൾ വ്യക്തിപരമായി തന്നെ കൈകാര്യം ചെയ്യണം. ഇതിന്റെ പേരിൽ കോടിയേരിയെ രാഷ്ട്രീയമായി അക്രമിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കേണ്ടി വരും.
നസീർ അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് താനും ഷംസീർ എം.എൽ.എയുമായി ഭിന്നതയിലാണെന് പ്രചരിപ്പിക്കുന്നത് ഗൂഢ രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്ന് യോഗത്തിൽ പ്രസംഗിച്ച പി.ജയരാജൻ പറഞ്ഞു. താൻ രണ്ട് തവണ നസീറിനെ സന്ദർശിച്ചപ്പോഴും പാർട്ടിയാണ് അക്രമിച്ചതെന്ന് നസീർ പറഞ്ഞിട്ടില്ല നസീറിനെ പാർട്ടി പുറത്താക്കിയതല്ല. അംഗത്വ ഫോറത്തിലെ ചില ചോദ്യങ്ങളോട് പൊരുത്തപ്പെടാനാവില്ലെന്ന് പറഞ്ഞ് സ്വയം ഒഴിവായതാണ്.