തളിപ്പറമ്പ് (കണ്ണൂർ):ആത്മഹത്യ ചെയ്‌ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീനാ സാജൻ ആന്തൂർ നഗരസഭയ്‌ക്കെതിരെ ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകും. എൽ.ഡി.എഫ് ഭരിക്കുന്ന ആന്തൂർ നഗരസഭാ അധികൃതരുടെ മാനസിക പീഡനം മൂലമാണ് സാജൻ ആത്മഹത്യ ചെയ്തതെന്നും നഗരസഭയ്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ബീന പരാതി നൽകുക. ആന്തൂർ നഗരസഭ നിസാര കാരണങ്ങൾ പറഞ്ഞ് കംപ്ലീഷൻ സർട്ടിഫിക്കറ്റും ബിൽഡിംഗ് നമ്പരും നിഷേധിക്കുകയായിരുന്നുവെന്ന് സാജന്റെ ബന്ധുക്കൾ ആരോപിക്കുന്നു.
യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 ന് നഗരസഭയിലേക്ക് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ചെയർപേഴ്സന്റെ പിടിവാശി മൂലമാണ് സാജൻ ആത്മഹത്യ ചെയ്തതെന്നും അവർ രാജി വയ്ക്കണമെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.