water

ജോലി സ്ഥലത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും തിരക്കിൽ നാം പൊതുവെ മറന്നുപോകുന്ന കാര്യമാണ് ആവശ്യമായ വെള്ളം കുടിക്കുകയെന്നത്. സൗന്ദര്യത്തിനും ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവർത്തനത്തിനും വെള്ളത്തിന്റെ പങ്ക് ചെറുതല്ല. പല സൗന്ദര്യ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരമാണ് വെള്ളം കുടി.

ഇന്നത്തെ തലമുറയുടെ ഹോട്ടൽ ഭക്ഷണത്തിനോടുള്ള പ്രിയം അവർക്ക് സമ്മാനിക്കുന്നത് പൊണ്ണത്തടിയാണ്. ഈ പ്രശ്‌നം വെള്ളം ആവശ്യത്തിന് കുടിക്കുന്നതിലൂടെ ഒരു പരിധിവരെ കുറയ്ക്കാം. അതോടൊപ്പം ചർമ്മ രോഗങ്ങളുടെ പ്രധാന കാരണം ആവശ്യത്തിന് വെള്ളം ശരീരത്തിലില്ലാത്തതാണ്. ഇതോടൊപ്പം കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കുകയും വേണം.

സൗന്ദര്യ സംരക്ഷണത്തിന് മാത്രമല്ല ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് അത്യാവശ്യമാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ ദഹിക്കാൻ ജലം സഹായിക്കും. വെള്ളം എത്രത്തോളം കുടിക്കുന്നുവോ അത്രത്തോളം ശരീരത്തിന് നല്ലതാണെന്നാണ് പറയുന്നത്. നിർജ്ജലീകരണം, മലബന്ധം, ക്ഷീണം, തലകറക്കം എന്നിവ വെള്ളം കുടിക്കാത്തവരിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്.


വെള്ളംകുടി കുറഞ്ഞാൽ മൂത്രത്തിന്റെ അളവ് കുറയും. ചുണ്ടും നാവും വരളുക, ചർമ്മം വരളുക, വിയർക്കാതിരിക്കുക, തലവേദന, ഓർമ്മക്കുറവ്, വളരെയധികം ക്ഷീണവും തളർച്ചയും എന്നിവയും ഉണ്ടാകും. ഇവ നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്.

ജലാംശം ഇല്ലാതാകുന്നത് ദഹനത്തെ ബാധിക്കുന്നത് കൊണ്ടുതന്നെ മലബന്ധം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. മറ്റൊന്ന് വൃക്കകളെ ബാധിക്കുന്ന വിഷയമാണ്. മൂത്ര സംബന്ധമായ പല അസുഖങ്ങളും വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ ഉണ്ടാകും. കൂടുതൽ വെള്ളം കുടിക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തും. ലവണങ്ങൾ അടിഞ്ഞു കൂടുന്നത് തടയുന്നതിലൂടെ മൂത്രക്കല്ല് ഉണ്ടാകാനുള്ള സാധ്യതയും തടയും. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും വെള്ളം കുടിക്കുന്നത് നല്ലതാണ്.

ഡോ.ഇറിന എസ്.ചന്ദ്രൻ
പുല്ലായിക്കൊടി
ആയൂർവേദിക് ക്ലീനിക്
സീലാൻഡ് കോംപ്ലക്സ്
തളിപ്പറമ്പ്