beena

കണ്ണൂർ: "ഒരു ഒപ്പിന്റെ കാര്യമല്ലേ ഉണ്ടായിരുന്നുള്ളൂ... അവർക്ക് സാജുവേട്ടനെ സ്വന്തം മോനെപ്പോലെ കരുതാമായിരുന്നില്ലേ?​ തിരിച്ചു കിട്ടുമോ എന്റെ സാജുവേട്ടനെ..." ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നവരെ നിസഹായരാക്കി ബീന പൊട്ടിക്കരഞ്ഞു.

കൺവെൻഷൻ സെന്ററിന് നഗരസഭ ലൈസൻസ് നിഷേധിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ ഭർത്താവിന്റെ മരണം ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല ബീനയ്ക്ക്. ഇടയ്ക്കിടെ ഓരോന്നു ചോദിച്ച് പൊട്ടിക്കരയും. ബീനയുടെ കരച്ചിൽ കണ്ട് അടുത്തിരുന്ന സാജന്റെ സഹോദരി ശ്രീലതയും വിതുമ്പിപ്പോകുന്നു. മറ്റൊരു മുറിയിൽ കരഞ്ഞു തളർന്നു കിടക്കുകയാണ് സാജന്റെ മക്കൾ പാ‌ർത്ഥിവും അർപ്പിതയും. മകന്റെ പേരാണ് സാജൻ വലിയ പ്രതീക്ഷകളോടെ പണിതുയർത്തിയ കൺവെൻഷൻ സെന്ററിനു നൽകിയത്. നഗരസഭാ അധികൃതരുടെ പിടിവാശി എല്ലാം കെടുത്തിക്കളഞ്ഞു.

ഇടതുപക്ഷമാണ് ആന്തൂർ നഗരസഭ ഭരിക്കുന്നത്. പ്രതിപക്ഷം പോലുമില്ല. സാജനാകട്ടെ,​ പാർട്ടിക്കു വേണ്ടി ഓടിനടന്നയാൾ. തിരിച്ച് ഒരു സഹായവും കിട്ടിയില്ല. അതാണ് ബീനയ്ക്ക് സഹിക്കാനാവാത്തത്. നഗരസഭാ ചെയർപേഴ്സൺ ആയ പി.കെ. ശ്യാമളയെ ഒരുപാടു തവണ സാജൻ നേരിൽപ്പോയി കണ്ടു. ഓരോരോ കാരണം പറഞ്ഞ് അവർ ലൈസൻസ് നൽകുന്നത് നീട്ടിക്കൊണ്ടുപോയി.

നേരത്തേ ലൈസൻസിനായി പാർട്ടിയിലെ ഉയർന്ന നേതാക്കളെ കണ്ടിരുന്നു. അവർ ചെയർപേഴ്സണുമായി ചർച്ച നടത്തുകയും ചെയ്തു. പരാതിയുമായി നേതാക്കളെ സമീപിച്ചത് ശ്യാമളയെ ചൊടിപ്പിച്ചതായി ബീന പറയുന്നു. ഇനിയുള്ള കാര്യങ്ങളെല്ലാം നേതാക്കളോടു പറഞ്ഞ് നടത്തിക്കോളൂ എന്ന് അവ‌ർ പറഞ്ഞത്രേ.

സാജൻ ആത്മഹത്യ ചെയ്ത ദിവസവും ഒരു ചർച്ച നടക്കാനിരിക്കുകയായിരുന്നു. ആ സ്ത്രീ ലൈസൻസ് തരില്ലെന്ന് സാജൻ എപ്പോഴും പറയുമായിരുന്നുവെന്നും ബീന വെളിപ്പെടുത്തുന്നു. സാജുവേട്ടന് ഉറക്കമില്ലാതായിട്ട് മാസങ്ങളായിരുന്നു. കോടികൾ മുടക്കി തുടങ്ങിയ സംരംഭം നശിച്ചുപോകുമല്ലോ എന്ന നിരാശയായിരുന്നു. ബാങ്ക്‌ വായ്പയൊന്നും ഉണ്ടായിരുന്നില്ല. ഒരൊറ്റ ഒപ്പിന്റെ കാര്യമേ ഉണ്ടായിരുന്നുള്ളൂ. അതിനു പകരം നൽകേണ്ടിവന്നത് സാജുവേട്ടന്റെ പ്രാണനാണ്- ബീന കരച്ചിലോടെ പറയുന്നു.

..........

ഞാൻ ഈ കസേരയിലുള്ള കാലത്തോളം തനിക്കു ലൈസൻസ് കിട്ടില്ല. അത് ഒരു സ്തൂപമായി അവിടെ നിൽക്കട്ടെ!

(ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ. ശ്യാമള സാജനോടു പറഞ്ഞതായി ഭാര്യ ബീന വെളിപ്പെടുത്തുന്നത്)​