കാസർകോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് പത്ത് വർഷം കഠിനതടവും 20,000 രൂപ പിഴയും കോടതി വിധിച്ചു. വെള്ളരിക്കുണ്ട് കാറളത്തെ പ്രസാദ് നാരായണനെ(29)യാണ് കോടതി പോക്‌സോ നിയമപ്രകാരം ശിക്ഷിച്ചത്. കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി(ഒന്ന്) ജഡ്ജി പി എസ് ശശികുമാറാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം അധികതടവ് അനുഭവിക്കണം. പിഴയായി നൽകുന്ന തുക പെൺകുട്ടിക്ക് കൈമാറാനാണ് കോടതി ഉത്തരവിട്ടത്. കേസിനാസ്പദമായ സംഭവം നടന്നത് 2016 ഫെബ്രുവരിയിലാണ്. പുലർച്ചെ ഉറക്കത്തിലായിരുന്ന പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. വെള്ളരിക്കുണ്ട് പൊലീസാണ് കേസ് അന്വേഷിച്ചത്.