കാസർകോട്: മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ചികിത്സക്കിടെ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി. കാസർകോട് അമെയ് കോളനിയിലെ നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളി ഗംഗാധരൻ, ജാനകി ദമ്പതികളുടെ ആൺകുഞ്ഞാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇവരുടെ വീട്ടിലെത്തിയ ബാലാവകാശ കമ്മിഷൻ അംഗം ഫാ. ഫിലിപ്പ് പാറകെട്ടിനോട് മാതാപിതാക്കൾ പരാതി പറഞ്ഞതിന്റെ അസ്ഥാനത്തിലാണ് ആശുപത്രികളിൽ നിന്ന് റിപ്പോർട്ട് തേടിയത്. മൂന്നുമാസം മുമ്പാണ് ജനറൽ ആശുപത്രിയിൽ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. ജനിച്ച സമയത്ത് മഞ്ഞനിറം ഉള്ളതിനാൽ ജനറൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം കാസർകോട്ടെ ചൈത്ര ആശുപത്രിയിൽ ചികിത്സിച്ചുവരികയായിരുന്നു. പാല് കുടിക്കുമ്പോൾ ഛർദി ഉണ്ടായതിനെ തുടർന്നാണ് വീണ്ടും ഈമാസം 14ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കഴിഞ്ഞ ദിവസം കുട്ടിക്ക് അനക്കമില്ലെന്നും മംഗളൂരു ആസ്പത്രിയിലോ പരിയാരം മെഡിക്കൽ കോളേജിലോ കൊണ്ടുപോകണമെന്നും ഡോക്ടർ നിർദേശിച്ചു. ഉടൻ തന്നെ മംഗളൂരു ഫാദർ മുള്ളേഴ്‌സ് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.