ആന്തൂർ( കണ്ണൂർ): പ്രവാസി വ്യവസായി പാറയിൽ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങൾ ചെയർപേഴ്സൺ പി.കെ. ശ്യാമളയും സെക്രട്ടറി എം.കെ. ഗിരീഷും നിഷേധിച്ചു. ആരോപണങ്ങൾ ശരിയല്ല. സമർപ്പിച്ച പ്ലാൻ അനുസരിച്ചല്ല കെട്ടിടം നിർമ്മിച്ചത്. ദേശീയപാതയുടെ സ്ഥലം കൈയേറിയെന്ന പരാതിയും ഉണ്ടായിരുന്നു. ഇതേത്തുടർന്ന് നഗരസഭ നിർദ്ദേശിച്ച ചില മാറ്റങ്ങൾ പാലിക്കാത്തതിനാലാണ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാതിരുന്നത് - ശ്യാമളയും ഗിരീഷും വിശദീകരിക്കുന്നു.
അതേസമയം, പ്ലാനിനു വിരുദ്ധമായി നിർമ്മാണത്തിൽ എന്ത് മാറ്റമാണ് വരുത്തിയതെന്ന ചോദ്യത്തിന് സെക്രട്ടറി വ്യക്തമായ ഉത്തരം നൽകിയില്ല. സംഭവത്തിൽ ചെയർപേഴ്സണും മറ്റും എതിരേ രൂക്ഷമായ പ്രതികരണമാണ് പാർട്ടി പ്രവർത്തകരിൽ നിന്ന് ഉൾപ്പെടെ ഉണ്ടാകുന്നത്.
ശ്യാമളയോട് അതൃപ്തി;
പാർട്ടിക്ക് പ്രതിസന്ധി
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ എം.വി.ഗോവിന്ദന്റെ ഭാര്യയാണ് ചെയർപേഴ്സൺ പി.കെ.ശ്യാമള. പ്രതിപക്ഷമില്ലാതെ ഇടതുപക്ഷം ഭരിക്കുന്ന നഗരസഭയിൽ ശ്യാമളയുടെ പ്രവർത്തനങ്ങളിൽ പ്രവർത്തകരിൽത്തന്നെ അതൃപ്തിയുണ്ടെന്നാണ് പറയപ്പെടുന്നത്.
വൈസ് ചെയർമാൻ കെ.ഷാജുവും പി.കെ.ശ്യാമളയുമായുള്ള ഭിന്നതകൾ പുറത്തുവന്നിരുന്നു. ഇത് നിഷേധിക്കാൻ പാർട്ടി നിർദ്ദേശിച്ചതനുസരിച്ച് ഇരുവരും ഒന്നിച്ച് വാർത്താസമ്മേളനം നടത്തിയെങ്കിലും പ്രശ്നങ്ങൾ തുടർന്നതായി പ്രവർത്തകർ സൂചിപ്പിക്കുന്നു. ശ്യാമളയെ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം ഒരു വിഭാഗം ഉയർത്തിക്കഴിഞ്ഞു. സാജന്റെ ആത്മഹത്യ സി.പി.എം ശക്തികേന്ദ്രമായ ആന്തൂരിൽ പാർട്ടിക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്.