binoy-kodiyeri

കണ്ണൂർ: ബിനോയ് കോടിയേരിക്കെതിരെ ബീഹാർ സ്വദേശിനിയായ ബാർ ഡാൻസർ നൽകിയ ലൈംഗിക ആരോപണ പരാതി വലിയ വിവാദമായിരിക്കേ,​ ഇതു സംബന്ധിച്ച അന്വേഷണത്തിനായി മുംബയ് പൊലീസ് കണ്ണൂരിലെത്തി. മുംബയിൽ നിന്നുള്ള എസ്.ഐ വിനായക് യാദവ്, എ.എസ്.ഐ ദേവാനന്ദ് പവാർ എന്നിവരാണ് ഇന്നലെ വൈകിട്ട് കണ്ണൂരിലെത്തിയത്. കണ്ണൂർ എസ്.പി പ്രതീഷ് കുമാറുമായി മൂന്നു മണിക്കൂറോളം അവർ ചർച്ച നടത്തി.

ബിനോയിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ തന്റെ കൈവശമുണ്ടെന്ന് പരാതിക്കാരി അവകാശപ്പെട്ടിരുന്നു. തുടർന്ന്,​ ജൂൺ 13ന് കേസ് രജിസ്റ്റർ ചെയ്ത മുംബയ് ഓഷിവാര പൊലീസ് ബിനോയിയെ ഫോണിൽ ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. അതു നടക്കാത്ത സാഹചര്യത്തിലാണ് മുംബയ് പൊലീസ് കണ്ണൂരിലെത്തിയതെന്നാണ് സൂചന. പൊലീസ് സംഘം മാദ്ധ്യമങ്ങൾക്ക് മുഖം നൽകാൻ തയ്യാറായില്ല. എസ്.പിയുമായി മാദ്ധ്യമപ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ തനിക്കൊന്നും അറിയില്ലെന്നും മുംബയ് പൊലീസുമായി ബന്ധപ്പെടണമെന്നുമായിരുന്നു മറുപടി.

യുവതിക്കെതിരെ ബിനോയ് കോടിയേരി ഒന്നര മാസം മുൻപ് കണ്ണൂർ റെയ്ഞ്ച് ഐ.ജിക്ക് പരാതി നൽകിയെങ്കിലും അതിൽ നടപടിയൊന്നുമുണ്ടായില്ല. യുവതി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നുവെന്നാണ് പരാതി. പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി യുവതി അയച്ച കത്ത് സഹിതമാണ്‌ ബിനോയ് പരാതി നൽകിയത്. പരാതി ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. തുടർ നടപടികൾക്കായി പരാതി കണ്ണൂർ റെയ്ഞ്ച് ഐ.ജി കണ്ണൂർ എസ്.പിക്ക് കൈമാറുകയായിരുന്നു.

ഓഷിവാര സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ബിനോയ്ക്കെതിരെ വഞ്ചന അടക്കം വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിനു ഹാജരാകാൻ ബിനോയിയോട് വീണ്ടും ആവശ്യപ്പെടാനാണ് പൊലീസ് നീക്കം.