തളിപ്പറമ്പ്: കരൾ രോഗബാധയെത്തുടർന്ന് മരിച്ച നവമി ഹരിദാസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ നടത്തിയ പരിശോധനയിൽ നവമിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്ന വിവരത്തെ തുടർന്ന് തളിപ്പറമ്പ് ആർ.ഡി.ഒ എൻ. ദേവീദാസിന്റെ നിർദേശാനുസരണം തഹസിൽദാർ അവിടെയെത്തി ഇൻക്വസ്റ്റ് നടത്തി.
മരിച്ച നവമിയുടെ ബന്ധു കൂടിയായ കെ.രാജേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പൊലീസ് എഫ്‌.ഐ.ആർ തയ്യാറാക്കിയിട്ടുണ്ട്.. നവമിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതായി എറണാകുളം മെഡിസിറ്റി ആസ്പത്രിയിലെ ഡോക്ടർ തളിപ്പറമ്പ് ഡിവൈ.എസ്.പിക്ക് വിവരം നൽകി. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ ഇൻക്വസ്റ്റ് നടത്തിയത്.മഞ്ഞപ്പിത്തം മൂർച്ഛിച്ചതിനെ തുടർന്ന് നവമിയുടെ കരൾ പൂർണ്ണമായും തകർന്നിരുന്നു. ഇതേ തുടർന്ന് കരൾ മാറ്റിവെക്കാനുള്ള ശസ്ത്രക്രിയ നടക്കാനിരിക്കവെയാണ് എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റിയിൽ മരണത്തിന് കീഴടങ്ങിയത്.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ നവമിയുടെ മൃതദേഹം ഇന്ന് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ പൊലീസ് സർജൻ ഡോ.ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തും.