cpm

കണ്ണൂർ: വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ നാട്ടിൽ, നഗരസഭ കെട്ടിട ലൈസൻസ് പിടിച്ചുവച്ചതിൽ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിരോധത്തിലായത് സി.പി.എം.

പ്രവാസി വ്യവസായികൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിന് ചുവപ്പുനാടയുടെ കുരുക്ക് ഒഴിവാക്കാൻ ഏകജാലക സംവിധാനം ഏർപ്പെടുത്തുമെന്നും, ചട്ടങ്ങൾ ലളിതമാക്കുമെന്നും വ്യവസായമന്ത്രി ആവർത്തിക്കുന്നതിനിടയിലാണ് പാറയിൽ സാജന്റെ ആത്മഹത്യ.

സംഭവം നടന്ന ആന്തൂരിൽ നഗരസഭ ഭരിക്കുന്നത് ഇടതു മുന്നണിയാണ്. ആത്മഹത്യ ചെയ്ത സാജൻ സി.പി.എം പ്രവർത്തകനാണ്. നഗരസഭാ ചെയർപേഴ്സൺ പി.കെ. ശ്യാമള, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്റെ ഭാര്യ. പോരെങ്കിൽ, പരാതിയിൽ നേരത്തേ ഇ.പി. ജയരാജനും പാർട്ടി ജില്ലാ സെക്രട്ടറി ആയിരുന്ന പി. ജയരാജനും ഇടപെടുകയും ചെയ്തിരുന്നു. എന്നിട്ടും ഇതു സംഭവിച്ചതാണ് സി.പി.എമ്മിനെ കണ്ണൂർ മേഖലയിൽ വെട്ടിലാക്കിയിരിക്കുന്നത്.

നഗരസഭാ ചെയർ പേഴ്സണും പാർട്ടിയിലെ ഒരു വിഭാഗവും സാജനെ ദ്രോഹിക്കുകയായിരുന്നുവെന്ന് സാജന്റെ ഭാര്യ ബീന ആരോപിച്ചതും പാർട്ടി നേതൃത്വത്തിന് തലവേദനയാണ്. നിയമസഭയിൽ ഇന്നലെ പ്രതിപക്ഷം ഈ വിഷയം അടിയന്തരപ്രമേയത്തിന് വിഷയമാക്കിയിരുന്നു. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നു പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകുകയും ചെയ്തു. പാർട്ടിക്കുള്ളിൽത്തന്നെ കടുത്ത നീരസത്തിനും അഭിപ്രായ ഭിന്നതകൾക്കും വഴിയൊരുക്കിയിരിക്കുകയാണ് സാജന്റെ ആത്മഹത്യയും അതിലേക്കു നയിച്ച കാരണങ്ങളും.