കണ്ണൂർ: ആന്തൂർ നഗരസഭാധികാരികളുടെ നിരന്തരമായ മാനസികപീഡനത്തിനിരയായി യുവസംരംഭകൻ സാജൻ പാറയിൽ ജീവനൊടുക്കിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ഏതാനും ഉദ്യോഗസ്ഥരുടെ പേരിൽ മാത്രം നടപടിയെടുത്ത് യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള നീക്കം വിലപ്പോവില്ല. നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ശ്യാമളയുടെ ദുർവാശിയാണ് കാര്യങ്ങൾ വഷളാക്കിയതെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. പല സംരംഭകർക്കും സമാന അനുഭവം ഈ നഗരസഭയുടെ ഭരണാധികാരികളിൽ നിന്നും ഉണ്ടായെന്നാണ് മനസിലാകുന്നത്. സി.പി.എം കണ്ണൂർ ഘടകത്തിൽ നേതാക്കൾ തമ്മിലുള്ള ചേരിപ്പോരിന്റെ രക്തസാക്ഷിയാണ് സാജൻ പാറയിൽ. സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജൻ ഇടപെട്ടുവെന്നതിന്റെ പേരിൽ പേരിൽ സി .പി. എം കേന്ദ്രകമ്മിറ്റിയംഗമായ എം.വി.ഗോവിന്ദന്റെ ഭാര്യയായ നഗരസഭാദ്ധ്യക്ഷ സാജന്റെ കൺവെൻഷൻ സെന്ററിന് ബോധപൂർവം അനുമതി നൽകാതിരിക്കുകയും അനാവശ്യതടസവാദങ്ങളുന്നയിക്കുകയുമായിരുന്നു.ഉത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
യോഗത്തിൽ ചെയർമാൻ പ്രൊഫ.എ.ഡി. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ വി.കെ. അബ്ദുൾഖാദർ മൗലവി സ്വാഗതം പറഞ്ഞു. കെ.സുരേന്ദ്രൻ, സുമാ ബാലകൃഷ്ണൻ, എം.നാരായണൻകുട്ടി, കെ.പി. ജയാനന്ദൻ (കോൺഗ്രസ്), പി.കുഞ്ഞുമുഹമ്മദ്, അബ്ദുൾ കരീം ചേലേരി, കെ.വി. ഹാരിസ് (മുസ്ലിംലീഗ്), പി.ടി. ജോസ്, ജോയ് കൊന്നയ്ക്കൽ (കേരള കോൺ.എം), ജോസ് പൊരുന്നക്കാട് (കേരള കോൺ. ജേക്കബ്), സി.എ. അജീർ, സുനിൽകുമാർ, എ.കെ.ബാലകൃഷ്ണൻ (സി.എം.പി), കെ.മോഹനൻ (ആർ.എസ്.പി), അഡ്വ. മനോജ്കുമാർ (ഫോർവേഡ്‌ബ്ലോക്ക്) എന്നിവർ പ്രസംഗിച്ചു.ജൂൺ 30 നകം മണ്ഡലം കമ്മിറ്റികളും ജൂലായ് 31 നകം പഞ്ചായത്ത് കമ്മിറ്റികളും പുന:സംഘടിപ്പിക്കാനും തീരുമാനിച്ചു.