നീലേശ്വരം: പുതിയ അദ്ധ്യയന വർഷത്തിൽ സ്‌കൂൾ തുറന്നിട്ട് രണ്ടാഴ്ചയായിട്ടും അരി കിട്ടാത്തതിനാൽ മിക്ക സ്കൂളുകളിലും ഉച്ചക്കഞ്ഞിവിതരണം മുടങ്ങി. വിദ്യാഭ്യാസ വകുപ്പ്, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് ആവശ്യമായ തുക അടക്കാൻ വൈകിയതാണ് സ്‌കൂളുകൾക്ക് അരി വിതരണം ചെയ്യാൻ കാലതാമസം നേരിട്ടതെന്ന് പറയുന്നു. സാധാരണയായി മേയ് അവസാനവും ജൂൺ ആദ്യ ആഴ്ചയിലുമായി വിദ്യാഭ്യാസ വകുപ്പ് എഫ്.സി.ഐക്ക് പണം കൈമാറാറുണ്ടായിരുന്നു. വിദ്യാഭ്യാസ വകുപ്പ് എഫ്.സി.ഐക്ക് പണം അടക്കുന്ന മുറയ്ക്ക് അലോട്ട്‌മെന്റായി സപ്ലൈകോക്ക് ഉച്ചക്കഞ്ഞിക്കുള്ള അരി വിതരണം ചെയ്യുകയാണ് ചെയ്യുന്നത്.
ആദ്യ അലോട്ട്‌മെന്റായി 34 ലോഡ് അരി ലഭിച്ചതിൽ കാഞ്ഞങ്ങാട്, കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ കുറച്ച് സ്‌കൂളുകൾക്ക് അരി ലഭിക്കുകയും ചെയ്തിരുന്നു. സ്‌കൂൾ അധികൃതർ എല്ലാമാസവും ഉച്ചക്കഞ്ഞിക്കുള്ള അരിയുടെ ഇൻഡന്റ് നൽകുന്നതിനനുസരിച്ചാണ് എഫ്.സി.ഐ അധികൃതർ അരി വിതരണം ചെയ്യുന്നത്. എഫ്.സി.ഐയിൽ നിന്ന് സപ്ലൈക്കോയ്ക്ക് അരി ലഭിച്ചാൽ മാത്രമെ അരി സ്‌കൂളുകൾക്ക് വിതരണം ചെയ്യാനാകൂ എന്ന് സപ്ലൈകോ അധികൃതർ പറയുന്നു.
ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് രണ്ട് കറികളടക്കമാണ് ഉച്ചയൂണ് നൽകി വരുന്നത്. സ്‌കൂൾ തുറന്ന് പിറ്റേ ദിവസം തന്നെ ചില സ്കൂളുകൾ കുട്ടികൾക്ക് ഉച്ചക്കഞ്ഞി കൊടുക്കാൻ തുടങ്ങിയിരുന്നു. ഇവർ സ്‌കൂൾ പി.ടി.എ ഫണ്ടിൽ നിന്നാണ് അരി വാങ്ങി ഉച്ചക്കഞ്ഞി നൽകിവരുന്നത്. എന്നാൽ ആയിരവും ആയിരത്തി അഞ്ഞൂറിലധികവും കുട്ടികൾ പഠിക്കുന്ന സ്‌കൂളുകൾക്ക് അരി വാങ്ങാൻ വേണ്ടുന്ന തുക താങ്ങാൻ പറ്റാത്തതാണ്.