തളിപ്പറമ്പ്: വ്യാജ നമ്പർ പ്ലേറ്റുമായി ഓടിയ ബൈക്ക് തളിപ്പറമ്പ് പൊലീസ് പിടികൂടി. ബൈക്ക് ഓടിച്ചയാളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. മാതമംഗലം പാണപ്പുഴ പറവൂരിലെ കൊട്ടിലക്കാരൻ വീട്ടിൽ കെ.കണ്ണൻ(52) നെയാണ് അറസ്റ്റ് ചെയ്തത്.

തളിപ്പറമ്പ് ഡിവൈ.എസ്.പി എം.കൃഷ്ണന് നൽകിയ പരാതി പ്രകാരം എസ് .ഐയുടെ നേതൃത്വത്തിൽ ഡിവൈഎസ്പിയുടെ സ്‌ക്വാഡിലെ സുരേഷ് കക്കറ, കെ.വി.രമേശൻ, കെ.പ്രിയേഷ് എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.ഇന്നലെ രാത്രി പത്തരക്കാണ് ചിറവക്കിൽ വച്ച് ബൈക്ക് പിടികൂടിയത്. മൂന്ന് വർഷം മുമ്പ് 10,000 രൂപ ആദ്യം നൽകി ലോൺ മുഖേന വാങ്ങിയ ബജാജ് വിക്രാന്ത് ബൈക്കാണ് പിടികുടിയത്. മൂന്ന് വർഷം മുമ്പ് വാങ്ങിയ ബൈക്ക് രജിസ്റ്റർ ചെയ്യാതെ ഓടിക്കുകയായിരുന്നു. കെഎൽ 13എഎച്ച് 7964 എന്ന നമ്പർ പ്ലേറ്റ് വ്യാജമായി ഘടിപ്പിച്ചാണ് വാഹനം ഓടിച്ചത്. സർക്കാറിന് നികുതിയടക്കാതെ ഓടിയ ബൈക്കിന് ഫിനാൻസ് നൽകിയ സ്ഥാപനത്തിന് ആദ്യം അടച്ച 10,000 രൂപയല്ലാതെ ലോൺ തുക അടച്ചിരുന്നില്ല. നമ്പർ പ്ലേറ്റ് വ്യാജമായതിനാൽ വാഹനം കണ്ടെത്താനും കഴിഞ്ഞില്ല.
അന്വേഷണത്തിൽ വ്യാജമായി കൊടുത്ത നമ്പർ എളയാവൂരിലെ വത്സൻ എന്നയാളുടെ ആപേ ഓട്ടോറിക്ഷയുടേയതാണെന്ന് പൊലീസ് പറഞ്ഞു. നിർമ്മാണ തൊഴിലാളിയായ ഇയാളുടെ മക്കളും ഇതേ ബൈക്ക് ഉപയോഗിച്ചിരുന്നു. ഇതിന് മുമ്പും കണ്ണൻ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് വാഹനം ഓടിച്ചിരുന്നതായി പൊലീസ് പറഞ്ഞു.ടാക്‌സ് വെട്ടിപ്പ് നടത്തി സർക്കാറിനെ വഞ്ചിച്ചതിനും വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചതിനും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.


പടംഅറസ്റ്റിലായ കെ.കണ്ണൻപിടിച്ചെടുത്ത വ്യാജ നമ്പർ പ്ലേറ്റുള്ള ബൈക്ക്