കണിച്ചാർ: മടപ്പുരച്ചാലിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നാശം വരുത്തി. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് കാട്ടാനക്കൂട്ടം വീണ്ടും ജനവാസകേന്ദ്രത്തിൽ ഇറങ്ങി നാശം വിതച്ചത്. മടപ്പുരച്ചാൽ സ്വദേശികളായ കദളിക്കാട്ടിൽ ദേവസ്യ, പീറ്റർ കുന്നുംപുറത്ത്, ആൻഡ്രൂസ് പുതുപ്പറമ്പിൽ, ജോളി, ടോമി വിളയാനി, ബെന്നി വിളയാനി, അനീഷ് കുന്നുംപുറത്ത്, പാൽ ബാലൻ, പാൽ രാജീവൻ, ശോഭ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനകളിറങ്ങി ചവിട്ടിമെതിച്ചത്. ഇതിനിടയിൽ ഇതുവഴി കടന്നു വന്ന ഒരു വാഹനം ആനയുടെ മുന്നിൽ വന്നു പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അഞ്ഞൂറോളം വരുന്ന വാഴകൾ, തെങ്ങ്, കവുങ്ങ്, കൈത, പ്ലാവ്, കശുമാവ് എന്നീ കാർഷിക വിളകളാണ് കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിച്ചത്.
ഒരുമാസമായി താണ്ഡവം
ഒരു മാസത്തോളമായി ഓടംതോട്, അണുങ്ങോട്, മടപ്പുരച്ചാൽ മേഖലകളിൽ കാട്ടാനയാക്രമണം തുടർക്കഥയാകുമ്പോൾ പ്രദേശവാസികളൊന്നാകെ ഭയവിഹ്വലരായി കഴിയുകയാണ്. വനം വകുപ്പ് അധികൃതർ കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങൾ നടത്തിയിട്ടും എല്ലാവരേയും വെല്ലുവിളിച്ചു കൊണ്ട് കാട്ടാന ആക്രമണം തുടർക്കഥയാവുകയാണ്. പ്രശ്‌ന പരിഹാരത്തിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ കഴിയാതെ വനം വകുപ്പ് നിസ്സഹായരാകുമ്പോൾ കൺമുന്നിലൂടെ കാട്ടാന നടത്തുന്ന താണ്ഡവം കണ്ട് വിറങ്ങലിച്ച് നിൽക്കുകയാണ് പ്രദേശവാസികൾ.
സന്ധ്യയാകുമ്പോഴേക്കും പുഴ കടന്നെത്തുന്ന കാട്ടാനകൾ ഏതു നിമിഷവും ജനവാസ കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കയറി നാശം വിതയ്ക്കുമെന്ന ആശങ്കയോടെയാണ് ഓടംതോട് അണുങ്ങോട് മടപ്പുരച്ചാൽ പ്രദേശത്തുള്ളവർ ഓരോ ദിവസവും തള്ളി നീക്കുന്നത്. മാസങ്ങളായി കാട്ടാനയാക്രമണം തുടരുമ്പോഴും അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന ആക്ഷേപവും ഇവർക്കിടയിലുണ്ട്. വീടിനോട് ചേർന്ന കൃഷിയിടത്തിലിറങ്ങി നാശം വരുത്തിയ കാട്ടാന വീട്ടുമുറ്റത്തു കൂടി കടന്നു പോകുമ്പോൾ ഭീതിയോടെ നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്ന കർഷകരും ഇക്കൂട്ടത്തിലുണ്ട്. സന്ധ്യ കഴിഞ്ഞാൽ കാട്ടാന ഭീതിയിൽ പുറത്തിറങ്ങാൻ പോലും പ്രദേശവാസികൾക്ക് കഴിയാറില്ല.പുലർച്ചെ ടാപ്പിംഗിന് പോകുന്നവർക്കും കാട്ടാന ഭീതി ഒരു പേടി സ്വപ്നം തന്നെയാണ്.
പ്രളയം,വിലത്തകർച്ച, ഇപ്പോൾ കാട്ടാനയും
കാർഷിക വിളകളുടെ വിലത്തകർച്ചയും പ്രളയവും കാലാവസ്ഥാവ്യതിയാനവും വരുത്തിവെച്ച കർഷികോല്പന്നങ്ങളുടെ ഉല്പാദനക്കുറവും കാർഷിക മേഖലയെ വൻ പ്രതിസന്ധിയിലാക്കി കർഷകർ നട്ടം തിരിയുമ്പോഴാണ് കാട്ടാനയാക്രമണങ്ങൾ അവരെ പൊറുതിമുട്ടിക്കുന്നത്. അതു കൊണ്ട് തന്നെ സ്വൈര്യ ജീവിതം ഉറപ്പാക്കുന്നതിനായി വനം വകുപ്പ് ഓഫീസിലേക്ക് പ്രക്ഷോപരിപാടികൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ. അതോടൊപ്പം കർഷകരുടെ കൃഷി സംരക്ഷിക്കാൻ ലൈസൻസുള്ള തോക്ക് ലഭിക്കാനുള്ള അപേക്ഷ ബന്ധപ്പെട്ടവർക്ക് സമർപ്പിക്കാനുള്ള ഒരുക്കത്തിലുമാണ് കർഷകരെന്ന് കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്റ്റാനി എടത്താഴെ പറഞ്ഞു. കാട്ടാന ഭീഷണിയുള്ള ആറളം മുഴക്കുന്ന് പഞ്ചായത്തുകളിലെ കർഷകരുടെ കൂടി സഹകരണത്തോടെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് കർഷകർ തയ്യാറെടുക്കുന്നത്.
പടം :മടപ്പുരച്ചാലിലെ കൃഷിയിടങ്ങളിൽ കാട്ടാനയിറങ്ങി നാശം വിതച്ചപ്പോൾ