തൃക്കരിപ്പൂർ: നഗരത്തിന് ഭീഷണിയായി ഉപയോഗശൂന്യമായ പുരാതന കെട്ടിട സമുച്ചയങ്ങൾ. ഏതു സമയത്തും നിലമ്പതിക്കുമെന്ന സ്ഥിതിയിലുള്ള, മൂന്നു കെട്ടിടങ്ങളാണ് തൃക്കരിപ്പൂർ നഗരഹൃദയത്തിൽ നിലകൊള്ളുന്നത്.
ബസ് സ്റ്റാൻഡ് കവാടത്തിന് പരിസരത്താണ് താഴെയും മുകളിലുമായി മൂന്നു വീതം മുറികളുള്ള ഒരുകെട്ടിടം. അരനൂറ്റാണ്ടിലേറെക്കാലം പഴക്കമുള്ള ഈ കെട്ടിടം റോഡുമായി തൊട്ടുരുമ്മിയാണ് കിടക്കുന്നത്. ഇതിന്റെ മുകളിലേക്ക് കയറുന്ന ഗോവണി തകർന്നു കിടക്കുകയാണ്. അതു പോലെ തൂണുകളും ചുവരും വിള്ളൽ വീണിട്ടുണ്ട്. മഴക്കാലം ആരംഭിച്ചതോടെ ഏതു സമയത്തും തകരുന്ന നിലയിലാണിതിന്റെ അവസ്ഥ .
കെട്ടിടം സുരക്ഷിതമല്ലാത്തതിനാൽ ഇവിടുത്തെ വ്യാപാരികൾ ഒഴിഞ്ഞു പോയിട്ട് വർഷങ്ങളായി. പരിസരത്ത് തന്നെ സ്‌കൂൾ, ബാങ്ക്, ആശുപത്രി, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥാപനങ്ങൾ ഉള്ളതിനാൽ എപ്പോഴും ഇവിടം ജനത്തിരക്കുള്ള പ്രദേശമാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് റോഡു നവീകരണത്തിന്റെ ഭാഗമായി, അപകടാവസ്ഥയിലുള്ള ഈ കെട്ടിടത്തിന്റെ പരിസരത്ത് പ്രവർത്തിക്കുന്ന മിൽമ ബൂത്ത്, പച്ചക്കറി കട എന്നിവ നീക്കം ചെയ്തിരുന്നുവെങ്കിലും ഏതു സമയത്തും തകരാനായി നിൽക്കുന്ന സ്വകാര്യ വ്യക്തിയുടെ ഈ കെട്ടിടം പൊളിച്ചുമാറ്റാൻ നടപടിയായിട്ടില്ല.
മത്സ്യ മാർക്കറ്റിന് തൊട്ടുരുമ്മിയാണ് നൂറ്റാണ്ട് പഴക്കമുള്ള മറ്റൊരു ഇരുനില കെട്ടിടം. വളരെ അപകടാവസ്ഥയിൽ നിലകൊള്ളുന്ന ഈ കെട്ടിടവും സ്ഥലവും ഗ്രാമ പഞ്ചായത്ത് മത്സ്യ മാർക്കറ്റിനായി വിലക്കെടുത്തതോടെ അപകട ആശങ്ക ഒഴിയുമെന്ന് കരുതിയെങ്കിലും, ഫലത്തിൽ നാട്ടുകാരും പരിസരത്തെ വ്യാപാരികളും സുരക്ഷാ ഭീഷണി നേരിടുകയാണ്.
വെള്ളാപ്പ് റെയിൽവേ ക്രോസിംഗിന് പരിസരത്താണ് മൂന്നാമത്തെ കെട്ടിടം. തൃക്കരിപ്പൂരിലെ വ്യാപാര സിരാ കേന്ദ്രമായി ഒരു നൂറ്റാണ്ട് മുമ്പ് പ്രവർത്തിച്ചിരുന്ന ഈ ഇരുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണതാണ്. ഇപ്പോൾ യാചകരും മറ്റും വിശ്രമിക്കാൻ എത്തുന്ന ഈ പുരാതന കെട്ടിട സമുച്ചയവും പൊളിച്ചുനീക്കണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും ലക്ഷ്യം കണ്ടിട്ടില്ല.
ഫോട്ടോ
തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് പരിസരത്തെ അപകട ഭീഷണി ഉയർത്തുന്ന കെട്ടിടം.
കെ.എൻ പ്രശാന്തിന് ചെറുകഥാ പുരസ്‌കാരം
നീലേശ്വരം: മടിക്കൈ രാമചന്ദ്രൻ സ്മാരക പ്രഥമ ചെറുകഥാ പുരസ്‌കാരം ഉദിനൂർ സ്വദേശി കെ.എൻ പ്രശാന്തിന് ലഭിച്ചു. അദ്ദേഹത്തിന്റെ മഞ്ചു എന്ന കഥയ്ക്കാണ് അവാർഡ്. 5555 രൂപയും പുരസ്‌ക്കാര പത്രവും അടങ്ങുന്നതാണ് അവാർഡ്. ജില്ലയിലെ 45 വയസിന് താഴെയുള്ള എഴുത്തുകാർക്ക് ഏർപ്പെടുത്തിയതാണ് അവാർഡ്.
പടിഞ്ഞാറ്റംകൊഴുവൽ നവജ്യോതി ക്ലബ്, മടിക്കൈ രാമചന്ദ്രൻ സ്മാരകലൈബ്രറി എന്നിവ ചേർന്ന് 23 ന് രാവിലെ പത്തിന് പടിഞ്ഞാറ്റംകൊഴുവൽ നവജ്യോതി ക്ലബിൽ നടത്തുന്ന അവാർഡ് ദാന പരിപാടി സി.എം വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഹരിദാസ് കരിവെള്ളൂർ, സുരേഷ് നീലേശ്വരം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. ഡോ.സന്തോഷ് പനയാൽ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തും. വാർത്താ സമ്മേളനത്തിൽ ജൂറി ചെയർമാൻ ഇ.പി രാജഗോപാലൻ, കെ.വി സജീവൻ, കെ.എം നാരായണൻ, കെ.വി ബാലഗോപാലൻ, എൻ.വി പ്രേംപ്രകാശ് എന്നിവർ പങ്കെടുത്തു.
കടയുടെ ചുമർ തുരന്ന് കവർച്ച
നീലേശ്വരം: ടെലിഫോൺ എക്‌സ്‌ചേഞ്ചിന് എതിർവശത്തെ കടയുടെ ചുമർ തുരന്നു മോഷണം. നീലേശ്വരം മാർജിൻ ഫ്രീ ഷോപ്പിന്റെ പടിഞ്ഞാറ് ഭാഗത്തെചുമർ തുരന്നാണ് മോഷണം നടത്തിയത്. മേശവലിപ്പിലും മറ്റും ഉണ്ടായിരുന്ന 82000 രൂപയാണ് മോഷണം നടത്തിയത്. കട ഉടമ ആലിൻകീഴിൽ പഴനെല്ലിയിലെ പി.ഇ.സാജിത്തിന്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.