syamala

തളിപ്പറമ്പ് (കണ്ണൂർ) : പ്രവാസി വ്യവസായിയുടെ ആത്മഹത്യയുടെ പേരിൽ പാർട്ടിയെ ജനമദ്ധ്യത്തിൽ അപമാനിച്ച ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ. ശ്യാമളയ്ക്കെതിരെ പരസ്യമായ അച്ചടക്ക നടപടി വേണമെന്ന് സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിൽ ആവശ്യമുയർന്നു. കുറ്റം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനുള്ള തന്ത്രം വിലപ്പോകില്ലെന്നും ഉത്തരവാദിത്വത്തിൽ നിന്ന് ശ്യാമളയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും അംഗങ്ങൾ പറഞ്ഞു.

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ശ്യാമളയുടെ ഭർത്താവുമായ എം.വി. ഗോവിന്ദൻ കൂടി പങ്കെടുത്ത യോഗത്തിലാണ് അംഗങ്ങൾ പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച വൈകിട്ട് നടന്ന ഏരിയാ കമ്മിറ്റിയിൽ ശ്യാമള കുറ്റം ഏറ്റുപറഞ്ഞ് പൊട്ടിക്കരഞ്ഞെങ്കിലും പരസ്യ നടപടി വേണമെന്ന ആവശ്യത്തിൽ അംഗങ്ങൾ ഉറച്ചു നിൽക്കുകയായിരുന്നു.

ഇവരുടെ പല തീരുമാനങ്ങളും ആന്തൂർ പോലുള്ള പാർട്ടി ശക്തികേന്ദ്രങ്ങളിൽ സംഘടനയുടെ അടിത്തറ ഇളക്കുമെന്നും ഒരു നിമിഷം പോലും ചെയർപേഴ്സൺ സ്ഥാനത്ത് തുടരരുതെന്നും അംഗങ്ങൾ ആവശ്യപ്പെട്ടെന്നാണ് സൂചന. ഭാര്യയ്‌ക്കെതിരെ വിമർശനം ശക്തമായപ്പോഴും ഗോവിന്ദൻ മൗനം പാലിച്ചതേയുള്ളൂ.

സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ,​ സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ എന്നിവരും ശ്യാമളയുടെ നിരുത്തരവാദ സമീപനങ്ങൾ എണ്ണിയെണ്ണി പറഞ്ഞു.

ഏരിയാ കമ്മിറ്റി തീരുമാനപ്രകാരം കോടല്ലൂർ, ആന്തൂർ, ബക്കളം ലോക്കൽ കമ്മിറ്റികളും ഇന്നലെ പ്രശ്നം ചർച്ച ചെയ്തു. ലോക്കൽ കമ്മിറ്റികളും ഏരിയാ കമ്മിറ്റിയുടെ നിലപാടിനെ പിന്തുണച്ചു. ഇന്ന് വൈകിട്ട് ധർമ്മശാലയിൽ വിശദീകരണ യോഗവും വിളിച്ചിട്ടുണ്ട്.

ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആന്തൂർ വിഷയം ചർച്ച ചെയ്ത് നടപടിയെടുക്കുമെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന. അതേസമയം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിജിലൻസ് സംഘം ഇന്നലെ ആന്തൂർ നഗരസഭാ ഓഫീസ്,​ പാർത്ഥാ കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിൽ പരിശോധന നടത്തി. അടുത്ത ദിവസം തന്നെ അന്വേഷണ റിപ്പോർട്ട് സർക്കാരിന് നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതിനിടെ സാജന്റെ കൺവെൻഷൻ സെന്ററിനു സമീപം തന്നെയുള്ള സി.പി.എം ബക്കളം ബ്രാഞ്ച് ഓഫീസ് പുറമ്പോക്ക് ഭൂമി കൈയേറിയുള്ളതാണെന്ന ആരോപണവും ശക്തമാവുകയാണ്. പാർട്ടി കെട്ടിടത്തിന് മേൽക്കൂര നിർമ്മിക്കാൻ പണം നൽകിയതാവട്ടെ സാജനും. ആന്തൂർ നഗരസഭ യാതൊരു മാനദണ്ഡവും പാലിക്കാതെ പെർമിറ്റും ലൈസൻസും നൽകിയെന്നാണ് ആരോപണം.